Begin typing your search...

മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെതാണെന്ന് ഉറപ്പിച്ച് പൊലീസ്: 'ഒന്നിനും പോകാത്ത മക്കളാണ്'; പൊട്ടിക്കരഞ്ഞ് മുത്തശ്ശി

മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെതാണെന്ന് ഉറപ്പിച്ച് പൊലീസ്: ഒന്നിനും പോകാത്ത മക്കളാണ്; പൊട്ടിക്കരഞ്ഞ് മുത്തശ്ശി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹമെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ . വയറു കീറിയ നിലയിൽ ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു.

കേവലമൊരു അടിപിടി കേസിന്‍റെ പേരില്‍ പൊലീസ് ഓടിച്ചതിനിടെ പന്നിക്ക് വെച്ച വൈദ്യൂതി കമ്പിയില്‍ കുടുങ്ങി യുവാക്കള്‍ മരിച്ചതെന്നും ഇക്കാര്യത്തില്‍ പൊലീസ് കാണിച്ച അമിതാവേശമാണ് ഇതിന് കാരണമെന്നുമുള്ള ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

കാണാതായ സതീഷ് രണ്ടു ദിവസം മുമ്പ് വരെ വീട്ടിലുണ്ടായിരുന്നുവെന്ന് മുത്തശ്ശി കുഞ്ച പറഞ്ഞു. പിന്നീട് എന്താണ് ഉണ്ടായതെന്നറിയില്ലെന്നും എവിടെയും പോയി അങ്ങനെ നില്‍ക്കാറില്ലെന്നും കുഞ്ച പറഞ്ഞു. 'ഒന്നിനും പോകാത്ത മക്കളാണ്. എന്താണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് അറിയില്ല. ഇവിടെ തന്നെ എപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം വൈകിയെത്തിയപ്പോള്‍ വഴക്കുപറഞ്ഞിരുന്നു. രാത്രി വൈകിയെത്താറില്ല. എവിടെയെങ്കിലുമൊക്കെ വിരുന്നിനോ മറ്റോ മാത്രമെ പോയി നില്‍ക്കാറുള്ളു. അല്ലാതെ എവിടെയും പോയി നില്‍ക്കാറില്ല'- കുഞ്ച പറഞ്ഞു.

പന്നിശല്യമുള്ള സ്ഥലമാണെങ്കിലും ഇത്തരത്തില്‍ വയലില്‍ വൈദ്യുതി കമ്പി സ്ഥാപിക്കുന്ന സംഭവം പ്രദേശത്ത് ആദ്യമാണെന്നും മുമ്പൊന്നും ഇത്തരം കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. പാലക്കാട് ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുകയാണെന്നും പന്നികളെ ഉള്‍പ്പെടെ പിടികൂടാനായി സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടി ജില്ലയില്‍ ഇതിനോടകം നിരവധിപേരാണ് മരിച്ചിട്ടുള്ളതെന്നും നിസാര സംഭവത്തില്‍ പോലീസ് യുവാക്കളെ പിടികൂടാന്‍ കാണിച്ച അമിതാവേശവും കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഇന്നലെ വൈകിട്ടോടെയാണ് അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നെന്നും സ്ഥല ഉടമയായ അനന്തൻ പൊലീസിൽ മൊഴിനൽകി.

ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നു. ഇതിനിടെ, പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇന്നലെ പുലർച്ചെ ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്.

അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് സംഘം പരിസരത്തു നടത്തിയ തിരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലം ഉടമയെ ചോദ്യം ചെയ്തതോടെ കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്നു വ്യക്തമായി. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹം മറവു ചെയ്തെന്നാണു പൊലീസിന്റെ നിഗമനം.

തെക്കേംകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരങ്ങൾ : രഞ്ജിത്, ശ്രീജിത്. കാളാണ്ടിത്തറയിൽ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്കന്റെയും മകനാണു സതീഷ്. കൂലിപ്പണിക്കാരനാണ്. ദീപയാണു സഹോദരി.

WEB DESK
Next Story
Share it