കേരളത്തിൽ ആരോഗ്യവകുപ്പ് പനിപിടിച്ച് കിടക്കുകയാണെന്ന് പ്രതിപക്ഷം; എല്ലാം നിയന്ത്രണ വിധേയമെന്ന് മന്ത്രി സഭയിൽ
കേരളത്തിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനിടെ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്ന് ടിവി ഇബ്രാഹിം കുറ്റപ്പെടുത്തി. കേരളത്തിൻറെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് വീണ ജോർജ് മറുപടി നൽകി.
സംസ്ഥാനത്ത് ഡെങ്കി പനി കൂടിയത് 2013, 2017 ലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ അത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എലിപ്പനി കൂടാനുള്ള സാഹചര്യം ഉണ്ടായിരുന്നു, പക്ഷെ ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്. വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം സഭ നിർത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ വിശദീകരണത്തിൻറെ അടിസ്ഥാനത്തിൽ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചു. പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോരായ്മകൾ ചോദ്യം ചെയ്യപ്പെടും
തിരുവന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളതുകൊണ്ടാണ് യോഗങ്ങൾ പലതും ചേരാൻ കഴിയാഞ്ഞതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.മഴ പെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും അദ്ദേഹം വിശദീകരിച്ചു.