Begin typing your search...

'ഇഡി പുറത്ത് വിട്ടത് ഒന്നും രഹസ്യ രേഖയല്ല'; കണക്കുകൾ എല്ലാം സുതാര്യം, മസാല ബോണ്ട് നിയമപരം

ഇഡി പുറത്ത് വിട്ടത് ഒന്നും രഹസ്യ രേഖയല്ല; കണക്കുകൾ എല്ലാം സുതാര്യം, മസാല ബോണ്ട് നിയമപരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിഫ്ബി. മസാലബോണ്ട് അടക്കമുള്ള ധനകാര്യപ്രവർത്തനങ്ങളിൽ തീരുമാനടുക്കുന്നത് കിഫ്ബി ബോർഡ് ആണ്. അല്ലാതെ ചെയർമാനായ മുഖ്യമന്ത്രിയോ, വൈസ് ചെയർമാനായ ധനമന്ത്രിയോ , കിഫ്ബി CEOയോ അല്ല. ഇതുസംബന്ധിച്ച് ചർച്ചകളിൽ പലതരം വാദങ്ങളും ഉന്നയിക്കാറുണ്ട്. എല്ലാം കണക്കിലെടുത്ത് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനം ബോർഡാണ് എടുക്കുന്നതെന്നാണ് ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന വിശദീകരണത്തിൽ പറയുന്നുന്നത്.

കിഫ്ബിയുടെ കുറിപ്പിന്റെ പൂർണ രൂപം താഴെ :

കിഫ്ബി മസാല ബോണ്ടിറക്കിയതുമായി ബന്ധപ്പെട്ട് വീണ്ടും വാർത്തകൾ സജീവമാകുകയാണല്ലോ. ഇഡി അന്വേഷണവും പുതിയ സമൻസുമെല്ലാം അതിന് പശ്ചാത്തലവും ഒരുക്കുന്നുണ്ട്. എന്നാൽ നൂറ്റൊന്നാവർത്തിച്ചാലും വസ്തുതകൾ അതല്ലാതാകുന്നില്ല എന്നാണ് ഇതു സംബന്ധിച്ച വാർത്തകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. മസാല ബോണ്ടിറക്കുന്നതിൽ അന്നത്തെ ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തിയ മിനുട്സ് ആണ് ഇപ്പോഴും വാർത്തകൾക്കാധാരം. ഇതേ വിഷയം 2020ലും വിവാദമായപ്പോൾ അന്നു തന്നെ കിഫ്ബി അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴി മറുപടി നൽകിയതാണ്. എതായാലും നാലു വർഷത്തോളം എത്തിയിട്ടും വീണ്ടും അതേ ആരോപണം ഇപ്പോൾ വീണ്ടും പുതിയ എന്തോ വസ്തുത പോലെ വാർത്തകളിൽ ഇടംപിടിക്കുന്നതിന് പിന്നിൽ ഇഡിയുടെ പുതിയ സമൻസ് ആണ് എന്നതിൽ സംശയം വേണ്ട. എന്നിരുന്നാലും പുതിയ സാഹചര്യത്തിലും ഇതിനുള്ള വിശദീകരണം ഞങ്ങൾ നൽകുകയാണ്.

"മസാല ബോണ്ട്" : ഇ .ഡി വെളിപ്പെടുത്തിയ മിനിട്സ് സർക്കാർ സഭയിൽ വച്ചത്. സെക്രട്ടറിമാർ എതിർത്തു; ഐസക് ഉറച്ചു നിന്നു" എന്ന തലക്കെട്ടിലാണ് മനോരമ വാർത്ത. എന്നാൽ യഥാർത്ഥ വസ്തുത എന്താണ്? മസാലബോണ്ട് അടക്കമുള്ള ധനകാര്യപ്രവർത്തനങ്ങളിൽ തീരുമാനടുക്കുന്നത് കിഫ്ബി ബോർഡ് ആണ്. അല്ലാതെ ചെയർമാനായ ബഹു.മുഖ്യമന്ത്രിയോ, വൈസ് ചെയർമാനായ ബഹു.ധനമന്ത്രിയോ , കിഫ്ബി CEOയോ ഒന്നുമല്ല. ഇതുസംബന്ധിച്ച് ചർച്ചകളിൽ പലതരം വാദങ്ങളും ഉന്നയിക്കാറുണ്ട്. എല്ലാം കണക്കിലെടുത്ത് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനം ബോർഡ് എടുക്കുകയാണ്. അതുസംബന്ധിച്ച മിനുട്സിൽ എല്ലാം രേഖപ്പെടുത്താറുമുണ്ട്. കിഫ് ബോർഡിലെ സ്വതന്ത്ര അംഗങ്ങളും ധനകാര്യ വിദഗ്ധരുമായ ജെ.എൻ ഗുപ്ത, സലിം ഗംഗാധരൻ, പ്രൊഫസർ സുശീൽ ഖന്ന, ആർ. കെ നായർ എന്നിവർ മസാല ബോണ്ടിറക്കുന്നതിനെ അനുകൂലിക്കുകയാണ് ഉണ്ടായത് എന്ന് മിനുട്സ് വ്യക്തമാക്കുന്നു. ഇത്തരത്തിൽ പല മേഖലകളിലെ വിദഗ്ധർ ഒന്നിക്കുന്ന ബോർഡിൽ വ്യക്തിപരമായ പല അഭിപ്രായങ്ങളും ഉയരാം. എന്നാൽ അതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് കൂട്ടായ തീരുമാനമാണ് ബോർഡ് മസാല ബോണ്ട് അടക്കം എല്ലാ ധനകാര്യ പ്രവർത്തനങ്ങളിലും എടുക്കുന്നത്. കിഫ്ബി മസാല ബോണ്ടിറക്കിയതിനെ ശരിയായ തീരുമാനമെന്ന് സ്വതന്ത്ര നിരീക്ഷണ സംവിധാനമായ ഫണ്ട് ട്രസ്റ്റീ ആൻഡ് അഡ്വൈസറി കമ്മിഷൻ (FTAC) അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇനി, ഇപ്പോൾ വരുന്ന വാർത്തകളിൽ ഈ മിനുട്സിലെ മറ്റു വിവരങ്ങൾ നൽകിയിരിക്കുന്നത് പരിശോധിക്കാം.

മാതൃഭൂമിയിൽ വന്ന വാർത്ത. "മസാല ബോണ്ട് : പിന്തുണച്ചത് തോമസ് ഐസക്, ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിർത്തെന്ന് ഇഡി "- ഈ തലക്കെട്ടിൽ വന്ന വാർത്തയിലെ ഈ വാചകങ്ങൾ പരിശോധിക്കാം. "കിഫ്ബിയുടെതന്നെ കഴിഞ്ഞ ആഭ്യന്തര കടപ്പത്രത്തിന്റെ പലിശവാഗ്ദാനം ലഭിച്ചത് 10.15 ശതമാനമായിരുന്നു. ആന്ധ്രാപ്രദേശ് തലസ്ഥാന മേഖലാ വികസന അതോറിറ്റിക്ക് അവരുടെ കടപ്പത്രത്തിനായി ലഭിച്ച വാഗ്ദാനം 10.72 ശതമാനമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. " ഇതിൽ 'അദ്ദേഹം' എന്ന് മാതൃഭൂമി ലേഖകൻ പറയുന്നത് അന്നത്തെ ധനകാര്യ സെക്രട്ടറി മനോജ് ജോഷിയെ ആണ്. ഇവിടെ വാർത്തയുടെ എല്ലാ വിശ്വാസ്യതയും തകരുകയാണ്. കാരണം ഈ വാചകങ്ങൾ കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാമിന്റേതാണ് എന്ന് കിഫ്ബി മിനുട്സിലുണ്ട്. എന്നുമാത്രമല്ല എന്തുകൊണ്ടു 9.72 ശതമാനം നിരക്കിൽ മസാല ബോണ്ടിറക്കുന്നത് ശരിയാണ് എന്നു വ്യക്തമാക്കുന്നതുമാണ് മേൽപ്പറഞ്ഞ വിശദീകരണം.

ഇനി മാതൃഭൂമി വാർത്ത ഉണ്ടാക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാൻ ആ നിരക്കിൽ മസാലബോണ്ടിറക്കിയത് സംബന്ധിച്ച് വിശദീകരിക്കാം.ആഭ്യന്തര വിപണിയിൽനിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ പണം ലഭിക്കുമെന്നാണല്ലോ വിമർശനം. കിഫ്ബിയും ആഭ്യന്തരവിപണിയിലെ സാധ്യതകൾ അന്വേഷിച്ചിരുന്നു. കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയത് 10.15 ശതമാനം എന്ന നിരക്കാണ്. ആന്ധ്രാപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് അഥോറിറ്റി ശ്രമിച്ചപ്പോൾ കിട്ടിയത് 10.72 ശതമാനമാണ്. അതേസമയം കിഫ്ബി മസാലബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന് മാത്രമാണ്. അപ്പോഴുയരുന്ന മറ്റൊരു ചോദ്യം അതേകാലത്ത് മറ്റ് പലസ്ഥാപനങ്ങളും ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കിയിട്ടുണ്ടല്ലോ എന്നതാണ്. അതും വസ്തുതകൾ അറിയാതെയുള്ള വിമർശനമാണ്. കുറഞ്ഞ പലിശ എന്നു പറയുന്നത് യുഎസ് ഡോളറിൽ ഇറക്കുന്ന ബോണ്ടിനാണ് .വിദേശധനകാര്യവിപണികളിൽ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ധനസമാഹരണത്തിന് വേണ്ടി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാൻ കഴിയുന്ന ബോണ്ടാണ് മസാലബോണ്ട്. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള ബോണ്ടാണിത്. കിഫ്ബി ഇറക്കിയത് ഈ മസാല ബോണ്ടാണ്. യുഎസ് ഡോളറിലെ ബോണ്ട് ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കിയുളള മസാലബോണ്ടിലേക്ക് പരിവർത്തനപ്പെടുത്തിയിട്ട് വേണം നിരക്ക് താരതമ്യം ചെയ്യാൻ. അല്ലെങ്കിൽ ആപ്പിളിനെയും ഓറഞ്ചിനെയും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെയാകും. നമുക്ക് ആപ്പിളിനെ ആപ്പിളിനോടാണ് താരതമ്യം ചെയ്യേണ്ടത്. കിഫ്ബിയുടെ ആ സമയത്തെ റേറ്റിങ് ആയ ബിബി യ്ക്ക് സമാനമായ ബിബി ബാൻഡിൽ റേറ്റിങ് വരുന്ന സ്ഥാപനങ്ങളായ ജെഎസ്ഡബ്ല്യൂ സ്റ്റീൽ , ജിഎംആർ ഹൈദരാബാദ് ഇന്റർനാഷനൽ എയർപോർട്ട്, ജുബിലന്റ് ഫാർമ , റിന്യൂ പവർ എന്നിവ യുഎസ് ഡോളറിൽ ഇറക്കിയ ബോണ്ടുകളുടെ നിരക്കുകൾ യഥാക്രമം 5.95, 5.375, 6.00 , 6.67 എന്നിങ്ങനെയാണ്. കിഫ്ബിയുടെ മസാല ബോണ്ട് നിരക്കായ 9.723 ശതമാനം എന്നത് ഡോളറിലേക്ക് പരിവർത്തനപ്പെടുത്തുമ്പോഴാകട്ടെ കിട്ടുന്നത് 4.68 ശതമാനം മാത്രം. ഏതുതരത്തിൽ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശധനകാര്യവിപണിയിൽനിന്ന് പണം കിട്ടിയത് എന്നു ചുരുക്കം.

ഇത്തരത്തിൽ വർഷങ്ങൾക്ക് മുൻപുതന്നെ ഉയർത്തിക്കൊണ്ടുവരികയും അതിൽ കിഫ്ബിയുടെ കൃത്യമായ വിശദീകരണത്തിലൂടെ ഇല്ലാതാകുകയും ചെയ്ത ഒരു വിവാദത്തെയാണ് ഇപ്പോൾ മാധ്യമങ്ങൾ വീണ്ടും പുതിയതെന്നപോലെ അവതരിപ്പിക്കുന്നത്. നേരത്തെതന്നെ ലഭ്യമായിരുന്ന വിവരങ്ങൾ പുതിയതെന്ന തരത്തിൽ മാധ്യമങ്ങൾക്ക് കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ സ്ഫോടനാത്മക വാർത്തയായി അവതരിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ കാരണങ്ങൾ സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാകാവുന്നതേയുള്ളു. ഇനി എന്തൊക്കെ വിവരങ്ങൾ പുതുതായി ചമയ്ക്കപ്പെട്ടാലും കിഫ്ബി അന്നു പറഞ്ഞതും ഇന്നു പറഞ്ഞതും ഒന്നുതന്നെയാണെന്ന് കാണാം. പുകമറകൾ ഏറെ ഉയർത്തിയിട്ടും കിഫ്ബി അതിനെയൊക്കെ തരണം ചെയ്താണ് ഇവിടം വരെ എത്തിയിട്ടുള്ളത് എന്നറിയിക്കട്ടെ. ഇനിയും അങ്ങനെതന്നെ മുന്നോട്ട് പോകും എന്ന ആത്മവിശ്വാസവും ഈ സ്ഥാപനത്തിനുണ്ട്.

WEB DESK
Next Story
Share it