മണിചെയിൻ മാതൃകയിൽ ലഹരിശൃംഖല; കൊച്ചിയിലെ വിതരണശൃംഖലയിൽ എസ്ഐയുടെ മകനും
മണിചെയിൻ മാതൃകയിൽ (മൾട്ടി ലവൽ മാർക്കറ്റിങ്) കേരളത്തിൽ ലഹരി വിൽപന വ്യാപിക്കുന്നതായി കേന്ദ്ര ലഹരിവിരുദ്ധ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തു. ഇത്തരം കേസുകൾ ശ്രദ്ധയിൽപെട്ടതായി സംസ്ഥാന എക്സൈസ് ഇന്റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്ഥിരീകരിച്ചു. ലഹരിമരുന്നു വ്യാപനം തടയാൻ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ്–കസ്റ്റംസ് സംയുക്ത ഓപ്പറേഷനും നടപടി തുടങ്ങി.
ശൃംഖലയുടെ പ്രവർത്തനരീതി ഇങ്ങനെ: ലഹരി ആവശ്യമുള്ള, എന്നാൽ വാങ്ങാൻ പണമില്ലാത്ത ഒരാൾ സമീപിച്ചാൽ ആ വ്യക്തിയോട്, വാങ്ങാൻ പണമുള്ള 3 പേരെ പരിചയപ്പെടുത്താൻ ലഹരി സംഘം (കാർട്ടൽ) ആവശ്യപ്പെടും. ഇതു ചെയ്താൽ ആ 3 പേർക്കു വിൽക്കുന്ന ലഹരിപദാർഥത്തിന്റെ വിലയുടെ 30% തുക ഒന്നാമനു വാഗ്ദാനം ചെയ്യും.
കച്ചവടം നടന്നാൽ പണത്തിനു പകരം തുല്യവിലയ്ക്കുള്ള ലഹരിപദാർഥം ഒന്നാമനു നൽകും. ഇയാൾ തന്നെ നാലാമതൊരാളെക്കൂടി പരിചയപ്പെടുത്തിയാൽ നാലാമൻ വാങ്ങുന്ന ലഹരിമരുന്നിന്റെ അതേ അളവിൽ ലഹരി സൗജന്യമായി നൽകും. അങ്ങനെ മണിചെയിൻ പോലെ ലഹരി ശൃംഖല സൃഷ്ടിക്കപ്പെടും. കേരളത്തിൽ ഗ്രാമപ്രദേശങ്ങളിൽ പോലും അപകടകരമായ വിധം ലഹരി വ്യാപനമുണ്ടാകാനുള്ള കാരണവും വിൽപനസംഘങ്ങളുടെ ഈ ഗൂഢതന്ത്രമാണെന്നാണ് എൻസിബിയുടെ നിഗമനം.
കേരളത്തിലേക്കു വൻതോതിൽ ലഹരിപദാർഥങ്ങൾ എത്തി മണിക്കൂറുകൾക്കകം അതു വിൽപന ശൃംഖലയുടെ താഴെത്തട്ടുവരെ എത്താനുള്ള കാരണം മണി ചെയിൻ മാതൃകയിലുള്ള വിതരണ രീതിയാണ്. ഇതിൽ കണ്ണിയായിരുന്ന യുവാവിനെ മാതാപിതാക്കൾ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് അന്വേഷണ ഏജൻസികൾക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചത്.
കേരള പൊലീസിലെ സബ് ഇൻസ്പെക്ടറുടെ മകൻ പ്രതിയായ ആലുവയിലെ ലഹരി കടത്തു കേസിലും ഈ രീതിയായിരുന്നു. കേസിലെ മുഖ്യപ്രതിയായ മകനെ വിദേശത്തേക്കു കടക്കാൻ സഹായിച്ച എസ്ഐയെയും കേസിൽ പ്രതിയാക്കി റിമാൻഡ് ചെയ്തിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി സംഘത്തിന്റെ വിതരണ ശൃംഖലയിലെ രണ്ടാമത്തെ കണ്ണിയിലാണ് എസ്ഐയുടെ മകൻ ഉൾപ്പെട്ടത്.