മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം
പി ജയരാജനും മകനുമെതിരെ ആരോപണം ഉന്നയിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജൻറെ മകൻ സ്വർണം പൊട്ടിക്കലിൻറെ കോർഡിനേറ്ററാണ്. ഇയാളാണ് റെഡ് ആർമിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു.
ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷൻ സംഘങ്ങൾ വളർന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിക്ക് തന്നെ തലവേദനയായി. പാർട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാൽ പാർട്ടി നടപടി ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ഫാൻസിന് വേണ്ടിയാണ് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജൻറെ പ്രതികരണം പാർട്ടി തീരുമാനമല്ലെന്നും മനു തോമസ് പറഞ്ഞിരുന്നു.