കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ തട്ടിപ്പ്; 2 സ്ത്രീകള്‍ അറസ്റ്റില്‍
കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമാക്കി പോലീസ്. നിലവിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ട് സ്ത്രീകളാണ് അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഇതുവരെ പോലീസിന്‍റെ പിടിയിലായിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവര്‍ ഇപ്പോള്‍ റിമാന്‍റില്‍ ജയിലിലാണ്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതോടെ തന്നെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ കൊച്ചി സി ഡി എസിന്‍റേയും കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കൗൺസിലര്‍മാരുടേയും ഒപ്പുകളും സീലുകളും വ്യാജമായി ഉണ്ടാക്കിയാണ് ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. യൂണിയൻ ബാങ്കിന്‍റെ വെല്ലിംഗ്ടൻ ഐലന്‍റ് ശാഖയില്‍ നിന്നാണ് വ്യാജരേഖകളുമായി അറുപതു ലക്ഷത്തോളം രൂപയുടെ വായ്പ്പാ തട്ടിപ്പ് ഇവർ നടത്തിയിട്ടുള്ളത്. ദീപയേയും നിഷയേയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലുള്‍പെട്ട എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.