'പിണറായിക്ക് കൊലയാളി മനസ്, എനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഗ്രനേഡ് പ്രയോഗിച്ചത്'; കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവര്‍ക്കെതിരെ കേസെടുക്കാന്‍ പറയുമ്പോള്‍ എന്ത് നിയമവും നീയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്ന് കെ. സുധാകരന് ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പിണറായി വിജയന് ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും ഞാന്‍ എത്രയോ കാലമായി പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു, സുധാകരൻ ആരോപിച്ചു.
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രാമകൃഷ്ണന്റെ കൊലപാതകം ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കുള്ള കൊലപാതകമാണ്. ആ കേസ് സാക്ഷിപറയാന്‍ ആളില്ലാത്തതിനാല്‍ തള്ളിപ്പോയതാണ്. സ്വന്തം കൊലക്കത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ പോയ പാരമ്പര്യത്തിന്റെ ഉടമസ്ഥനാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന് നിങ്ങള്‍ ഓര്‍ക്കണം. അത് ടിപി ചന്ദ്രശേഖരിനില് വരെയെത്തിയെന്നും സുധാകരൻ പറഞ്ഞു.