അമീബിക് മസ്തിഷ്കജ്വരം; വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ കേന്ദ്രത്തിന് കത്ത് നൽകി
അമീബിക് മസ്തിഷ്കജ്വരത്തെ കുറിച്ച് പഠിക്കാനായി കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി രംഗത്ത്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു. വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.
ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. എന്നാല്‍ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതോടെയാണ് ആശങ്ക ഉടലെടുത്തത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. കൂടാതെ കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അതിഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.