'രാഷ്ട്രീയം കളിയ്ക്കേണ്ട സമയമല്ല, രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന'; കേരളത്തിലെ എംപിമാരോട് കിരൺ റിജിജു
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനോട് കേരളത്തിലേക്ക് പോകാൻ നിർദ്ദേശിച്ചു. സേന വിഭാഗങ്ങളെല്ലാം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന. ആഭ്യന്തര മന്ത്രാലയത്തോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലോക്സഭയിലും രാജ്യസഭയിലും വയനാട് ദുരന്തം ചർച്ച ചെയ്യണമെന്ന് കേരളത്തിലെ എംപിമാർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ മറുപടി.
നേരത്തെ, രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു.