സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്, കല പോയിൻറ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികൾ ഉണരും. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.
അതേസമയം സ്കൂൾ കലോത്സവ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ മുൻകരുതലുകളാണ് കൊല്ലം സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന് എത്തുന്ന കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രധാന വേദിയായ ആശ്രാമത്തും ഭക്ഷണവിതരണത്തിനായി നിശ്ചയിച്ചിട്ടുള്ള ക്രേവൻ സ്കൂളിലും മറ്റ് വേദികളിലും പാർക്കുകൾ ബീച്ചുകൾ എന്നിവിടങ്ങളിലും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ കൊല്ലം ബീച്ചിലും നഗരപരിധിയിലെ മറ്റ് തീരമേഖലകളിലും ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. കുട്ടികൾക്ക് താമസിക്കുന്നതിനായി സജ്ജീകരിച്ച 24 സ്കൂളുകളിലും മുഴുവൻ സമയവും വനിതാ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.