ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത; ഈ ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ഈ മാസം 29 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.
അതേസമയം ബംഗാൾ ഉൾക്കടലിലെ ഹമൂൺ ചുഴലിക്കാറ്റിൻറെ ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശമുണ്ടെങ്കിലും കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.