ബേലൂർ മഖ്ന: കേരളം, കർണാടക, തമിഴ്നാടും ചേർന്ന് സംയുക്ത പദ്ധതി വേണമെന്ന് ഹൈക്കോടതി
ജനവാസ മേഖലയിലേക്കു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് നേരിടാനായി കേരളം, കർണാടക, തമിഴ്നാട് അഡീഷനൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്ത കർമപദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി.
വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാൻ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആന കർണാടക വനാതിർത്തിയിലേക്കു കടന്നാൽ ഉണ്ടാകുന്ന നിയമാധികാര പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തുടങ്ങിയവർ ഓൺലൈൻ വഴി ഹാജരായി നിലവിലെ സ്ഥിതി വിശദീകരിച്ചു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വനം ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നെന്നും സർക്കാർ അറിയിച്ചു. വന്യജീവികളെ വെടിവയ്ക്കാൻ കലക്ടർക്ക് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വനമേഖലയിലെ ജലദൗർലഭ്യം കാരണം വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാനായി ജലം ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി വിദഗ്ധ സമിതി കൺവീനർക്കു നിർദേശം നൽകി. വയനാട് നോർത്ത്, സൗത്ത് വൈൽഡ് ലൈഫ് ഡിവിഷനുകളിൽ സ്വകാര്യ വ്യക്തികളും സർക്കാരും നിർമിച്ചിരിക്കുന്ന കുഴികൾ, വേലികൾ, തടസ്സങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാനും വനം ചീഫ് കൺസർവേറ്റർക്ക് നിർദേശം നൽകി. ഹർജി 27ന് വീണ്ടും പരിഗണിക്കും.