Begin typing your search...

സേവനങ്ങൾക്കുള്ള ഫീസിലും വൻവർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്

സേവനങ്ങൾക്കുള്ള ഫീസിലും വൻവർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വെദ്യുതിനിരക്കു വർധന പ്രഖ്യാപിക്കാനിരിക്കേ, സേവനങ്ങൾക്കുള്ള ഫീസിലും വൻവർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്, റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. കണക്‌ഷൻ നൽകുന്നതിനും തൂൺ സ്ഥാപിക്കുന്നതിനും ലൈൻ വലിക്കുന്നതിനും കണക്‌ഷന്റെ തരം മാറ്റുന്നതിനും മീറ്റർ മാറ്റിവെക്കാനുമെല്ലാം ഫീസ് കൂട്ടണമെന്നാണ് ആവശ്യം.

അപേക്ഷ പരിശോധിച്ച് കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് അഭിപ്രായമറിയിക്കാൻ 18-ന് തിരുവനന്തപുരത്ത് കമ്മിഷൻ തെളിവെടുപ്പ് നടത്തും. ബോർഡ് ആവശ്യപ്പെടുന്നത്രയും കമ്മിഷൻ അംഗീകരിക്കില്ലെങ്കിലും വർധന ഉറപ്പാണ്.


പോസ്റ്റ് വേണ്ടാത്ത സാധാരണ സിംഗിൾ ഫേസ് കണക്‌ഷന് 2,983 രൂപയാണ് ആവശ്യപ്പെടുന്നത്. നിലവിലുള്ളതിനെക്കാൾ 1243 കൂടുതൽ. 50 മീറ്റർ ലൈനും ഒരു പോസ്റ്റും വേണ്ടിവന്നാൽ 16,116 രൂപയാണ് നിർദേശിക്കുന്നത്, 6,956 രൂപ കൂടുതൽ. രണ്ടു പോസ്റ്റും 100 മീറ്റർവരെ ലൈനും വേണ്ടിവന്നാൽ 33,990 രൂപയാവും.

വീടുകൾക്കും വ്യവസായ, വാണിജ്യസ്ഥാപനങ്ങൾക്കുമായി കണക്‌ഷനുമായി ബന്ധപ്പെട്ട് 96 ഇനം സേവനങ്ങളാണ് ബോർഡ് നൽകുന്നത്. ഇവയുടെയെല്ലാം ഫീസ് കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2018-'19-ലാണ് ഇതിനുമുമ്പ് സേവനങ്ങളുടെ ഫീസ് കമ്മിഷൻ കൂട്ടിയത്. അതിനുശേഷം ഉപകരണങ്ങളുടെയും സാധനങ്ങളുടെയും വിലയും തൊഴിലാളികളുടെ വേതനവും കൂടി. സർക്കാർ മേഖലയിലെ പദ്ധതികളിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്‌സ് ആണ് ബാധകം. ഇതിലെ നിരക്കുകൾ പുതുക്കി.

സംസ്ഥാന സർക്കാർ ഏജൻസികൾ പുതുക്കിയ നിരക്ക് നിർബന്ധമായും സ്വീകരിക്കണമെന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കണക്‌ഷൻ നൽകുന്നതിനുള്ള ഫീസ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ ഈടാക്കണമെന്ന് കേന്ദ്രത്തിന്റെ ചട്ടവും നിർദേശിക്കുന്നു. ഈ സാഹചര്യത്തിൽ നിരക്കുകൾ കൂട്ടണമെന്നാണ് ബോർഡിന്റെ അപേക്ഷ.


WEB DESK
Next Story
Share it