ഡ്രൈവിംഗ് ലൈസൻസ് പരിഷ്‌കാരം; നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ
ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വിചിത്ര നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ. ഡ്രൈവിംഗ് ടെസ്റ്റ് 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷധം. എണ്ണം പരിമിതപ്പെടുത്തിയാൽ പൂർണമായും ബഹിഷ്‌കരിക്കാനാണ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ക്രടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ തീരുമാനം.
86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്സ് ലൈസൻസ് ഫീ ഒരാഴ്ചത്തേക്ക് അടയ്ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ തീരുമാനം. നിലവിൽ തീയതി കിട്ടിയ എല്ലാവർക്കും ടെസ്റ്റ് നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.
ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ബി ഗണേഷ് കുമാർ പറഞ്ഞത്. സാധാരണ 100 മുതൽ 180 പേർക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡം, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമില്ല. മെയ് ഒന്ന് മുതൽ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു.