Begin typing your search...

കേരളത്തിന് ലഭിക്കേണ്ട വെള്ളം കിട്ടിയില്ല; തമിഴ്നാടിന് കത്തയച്ച് കേരളം

കേരളത്തിന് ലഭിക്കേണ്ട വെള്ളം കിട്ടിയില്ല; തമിഴ്നാടിന് കത്തയച്ച് കേരളം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് ചിറ്റൂർ പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനു മേയ് ഒന്നു വരെ 250 ക്യുസെക്സ് വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വി വേണു തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്ക്കു കത്തയച്ചു. പറമ്പിക്കുളം - ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ 7250 ടിഎംസി ജലത്തിനു കേരളത്തിന് അർഹതയുണ്ടെന്നു കത്തിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഇതുപ്രകാരം നിലവിലെ ജലവർഷമായ 2023 - 24ന്റെ മാർച്ച് രണ്ടാമത്തെ ആഴ്ച വരെ 6320 ദശലക്ഷം ക്യുബിക് അടി വെള്ളം കേരളത്തിനു ലഭ്യമാക്കേണ്ടതാണ്. എന്നാൽ 4803 ക്യുബിക്അടി വെള്ളമാണു ലഭിച്ചത്. ഇക്കാലയളവിൽ 1547 ദശലക്ഷം ക്യുബിക് അടിയുടെ കുറവുണ്ട്. പറമ്പിക്കുളം ആളിയാർ കരാറിന്റെ ഷെഡ്യൂൾ 2(2) പ്രകാരം ചാലക്കുടി ബേസിനിൽ 12.3 ടിഎംസി ജലത്തിന് കേരളത്തിന് അർഹതയുണ്ട്. കേരള ഷോളയാർ റിസർവോയർ സെപ്റ്റംബർ 01, ഫെബ്രുവരി 01 തീയതികളിൽ പൂർണ സംഭരണ ശേഷിയിൽ നിർത്തണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ വ്യവസ്ഥകൾ ഉറപ്പാക്കി മാത്രമേ തമിഴ്നാട് പറമ്പിക്കുളത്തേക്കു വെള്ളം തിരിച്ചുവിടാവൂ എന്നാണു ചട്ടം. എന്നാൽ ഈ വ്യവസ്ഥ പാലിക്കാതെ ഏകദേശം രണ്ടു ടിഎംസി ജലം ഷോളയാർ റിസർവോയറിൽ നിന്ന് പറമ്പിക്കുളത്തേക്കു തിരിച്ചുവിട്ടു. ഈ അധിക ജലം ലഭ്യമായതോടെ പറമ്പിക്കുളം റിസർവോയറിലേയും തിരുമൂർത്തി റിസർവോയറിലേയും നിലവിലുള്ള സംഭരണം യഥാക്രമം രണ്ട്, ഒന്ന് ടിഎംസി വീതം അധികവുമായി. ഈ അധിക ജലം യഥാർഥത്തിൽ കേരളത്തിന് അർഹതപ്പെട്ടതാണെന്നാണു കരുതേണ്ടത്.

2024 ഏപ്രിൽ രണ്ടിലെ കണക്കു പ്രകാരം ആളിയാറിൽ 130.85 ദശലക്ഷം ക്യുബിക് അടി വെള്ളമുണ്ട്. അപ്പർ ആളിയാറിലും കടമ്പാറയിലുമായി 1040.32 ദശലക്ഷം ക്യുബിക് അടിയുമുണ്ട്. ഇവര രണ്ടും ചേർന്ന് മണക്കടവിൽ ജലവിതരണത്തിനായി 1171.17 ദശലക്ഷം ക്യുബിക് അടിയുടെ സഞ്ചിത സംഭരണവും നിലവിലുണ്ട്. ഇതിനു പുറമേ പറമ്പിക്കുളം അണക്കെട്ടുകളിലായി 3591.29 ദശലക്ഷം ക്യുബിക് അടി സംഭരണം നിലവിലുണ്ട്.

ഏപ്രിൽ മാസത്തിൽ രണ്ടാഴ്ച വീതവും മേയിലെ ആദ്യ രണ്ടാഴ്ചയിലുമായി കേരളം ആവശ്യപ്പെടുന്ന ദശലക്ഷം 972 ക്യുബിക് അടി വെള്ളം പറമ്പിക്കുളം ഡാമുകളിൽ നിന്നു മാത്രമായി തമിഴ്നാടിനു നൽകാൻ കഴിയും. ഇതു മുൻനിർത്തി ചിറ്റൂർ മേഖലയിലെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനായി മേയ് രണ്ടാമത്തെ ആഴ്ച വരെ 250 ക്യുസെക്സ് വെള്ളം മണക്കടവിലൂടെ ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it