മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രൻസിപ്പൽ സെക്രട്ടറി എന്നതിന് പുറമേ കിഫ്ബി സി.ഇ.ഒ, കെഡിസ്ക് ചെയർമാൻ എന്നീ പദവികളും ഡോ.കെ.എം.എബ്രഹാം വഹിക്കുന്നുണ്ട്. 1982 ൽ സിവിൽ സർവീസിൽ ചേർന്ന ഡോ.കെ.എം.എബ്രഹാം ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.
2017 ൽ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ കേരള സർക്കാരിൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. പിന്നീട് കിഫ്ബി സി.ഇ.ഒ ആയി നിയമനം നൽകി കൊണ്ട് സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയായിരുന്നു. പിന്നീട് 2021 ൽ നിലവിൽ വന്ന രണ്ടാം പിണറായി സർക്കാർ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഒപ്പം തന്നെ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ നിർണായക ഇടപെടൽ നടത്തുന്ന കിഫ്ബിയുടെ സിഇഒ പദവിയിൽ സർക്കാർ അദ്ദേഹത്തെ നിലനിർത്തിയതും കെ.എം.എബ്രഹാമിന്റെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരമായി.
എൺപതിനായിരം കോടിയിലേറെ രൂപ മൂല്യം വരുന്ന ആയിരത്തിലേറെ അടിസ്ഥാനസൗകര്യവികസന പദ്ധതികളാണ് കിഫ്ബി വഴി സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. സെബി ബോർഡിലെ മുഴുവൻ സമയ അംഗം എന്ന നിലയിലുള്ള ഡോ.കെ.എം.എബ്രാഹിന്റെ പ്രവർത്തനങ്ങളും ദേശീയ ശ്രദ്ധ നേടിയിരുന്നു. 2018ലെ പ്രളയത്തെ തുടർന്നുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഇംപ്ലിമെന്റേഷൻ കമ്മിറ്റി ചെയർമാനായും ഡോ.കെ.എം.എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്.ഐഐടി കാൺപൂരിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തരബിരുദം നേടിയ ഡോ.കെ.എം.എബ്രഹാം ടെക്നോളജി പ്ലാനിങ്ങിലാണ് യുഎസിലെ മിഷിഗൺ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയത്.
ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് യുഎസ്എ, ലൈസൻസ്‍ഡ് ഇന്റനാഷനൽ ഫിനാൻഷ്യൽ അനലിസ്റ്റ് യുഎസ്എ തുടങ്ങിയ ഉന്നത പ്രൊഫഷനൽ അംഗീകാരങ്ങളും ഡോ.കെ.എം.എബ്രഹാം നേടിയിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് സംബന്ധിച്ച് നിർണായകസംഭാവനകൾ നൽകിയിട്ടുള്ള ഡോ.കെ.എം.എബ്രഹാം കടമെടുപ്പ്പരിധി സംബന്ധിച്ച് സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര ധനമന്ത്രാലയവുമായി ചർച്ച നടത്തിയ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിലും അംഗമായിരുന്നു.