ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ചത് ഇര്‍ഷാദിന്റെ മൃതദേഹം; ഡിഎൻഎ പരിശോധനപോലും നടത്തിയില്ല, പൊലീസിനെതിരെ നടപടി വേണം: ഇർഷാദിന്റെ കുടുംബം
സ്വര്‍ണക്കടത്ത് കേസ് പ്രതി ഇര്‍ഷാദിന്റെ മൃതദേഹം ഡിഎന്‍എ പരിശോധന പോലും നടത്താതെ സംസ്‌കരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇര്‍ഷാദിന്റെ പിതാവ് നാസര്‍. മേപ്പയ്യൂരില്‍ നിന്ന് കാണാതായി ഗോവയില്‍ കണ്ടെത്തിയ ദീപക്കിന്റെ മൃതദേഹം എന്ന് കരുതിയാണ് ഇര്‍ഷാദിന്റെ മൃതദേഹം ദീപക്കിന്റെ ബന്ധുക്കള്‍ സംസ്‌കരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായ് 17ന് കൊയിലാണ്ടി കോതി കടപ്പുറത്ത് നിന്ന് കിട്ടിയ മൃതദേഹം ജൂലായ് 19നാണ് സംസ്‌ക്കരിക്കുന്നത്.
ഡിഎന്‍എ പരിശോധനാ നടത്താതെ മൃതദേഹം വിട്ടുനല്‍കുകയും സംസ്‌കരിക്കാന്‍ അനുമതി നല്‍കുകയും ചെയ്ത പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം വടകര റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. കേസില്‍ സിബിഐ അന്വേഷണം വേണം എന്നും ഇര്‍ഷാദിന്റെ പിതാവ് നാസര്‍ ആവശ്യപ്പെടുന്നു. സംസ്‌കരിച്ചത് ദീപക്കിന്റെ മൃതദേഹം അല്ലെന്ന് ദീപക്കിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളും സംശയം പറയുകയും പരാതിപ്പെടുകയും ചെയ്ത ശേഷമാണ് പോലീസ് ഡിഎന്‍എ പരിശോധിക്കുന്നത്.
ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ മൃതദേഹം ഇത്ര ധൃതിപ്പെട്ട് സംസ്‌കരിക്കാന്‍ പോലീസ് കൂട്ടുനിന്നതില്‍ ദുരൂഹതയുണ്ട്. അതുകൊണ്ടാണ് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കും. ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തുവിട്ട സ്വര്‍ണം നഷ്ടമായതാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ കാരണം ആയി പറയുന്നത്. എന്നാല്‍ ഈ സ്വര്‍ണം നല്‍കിയ ഷമീറിനെതിരെ ഇതുവരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ല, ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും പോലീസ് അലംഭാവം തുടരുകയാണ്,
ആറ് മാസമായിട്ടും കേസിലെ പ്രധാന പ്രതികള്‍ വിദേശത്ത് തന്നെയാണ് ഉള്ളത് ഇവരെ നാട്ടിലെത്തിക്കാനും നടപടി ഉണ്ടായിട്ടില്ല, ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഇതുവരെ കിട്ടിയിട്ടില്ല, ഇതെല്ലാം പോലീസിന്റെ ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഇര്‍ഷാദിന്റെ പിതാവ് നാസര്‍ പറയുന്നു