ഇടുക്കിയിലെ ഹർത്താൽ നിയമവിരുദ്ധം; സമരസമിതിക്ക് പോലീസ് നോട്ടീസ് അയച്ചു
കാട്ടാനയെ പിടികൂടാനുള്ള 'മിഷൻ അരിക്കൊമ്പൻ' സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് നടത്തുന്ന ജനകീയ ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്. മുൻകൂർ നോട്ടീസ് നല്കിയിട്ടില്ലാത്തതിനാൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് കാണിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ പത്ത് പഞ്ചായത്തുകളിലാണ് ഇന്ന് ഹർത്താൽ നടക്കുന്നത്.
ജനുവരി ഏഴിന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് പ്രകാരം ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകൾ ഏഴു ദിവസം മുൻപ് ഇത് സംബന്ധിച്ച നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് പാലിച്ചില്ലെന്ന് കാണിച്ചാണ് ശാന്തൻപാറ പോലീസ് ഇൻസ്പെക്ടർ നോട്ടീസ് നൽകിയത്. ഇന്ന് ഹർത്താൽ നടത്തുകയോ, അനുകൂലിക്കുകയോ ചെയ്താൽ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 2022 സെപ്തംബർ 23ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹർത്താലിനെതിരെ ഹൈകോടതിയുടെ ഈ ഉത്തരവ് അനുസരിച്ച് പൊലീസ് ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.
അതേസമയം ചിന്നക്കനാലിലും പെരിയ കനാലിലും ബോഡി മെട്ടിലും ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാത ഉപരോധം തുടരുകയാണ്. അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്നാണ് ജനകീയ സമിതി ഹർത്താലിന് അധ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.