കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വോട്ടർമാർ
കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടുക്കി-ദേവികുളം താലൂക്കിലെ ഇടമലക്കുടി. ആദിവാസി- മുതുവാൻ വിഭാഗക്കാർ ഇവിടെ താമസിക്കുന്നു. ആകെ 13 വാർഡുകൾ. കണക്കുകൾ അനുസരിച്ച് 656 വീടുകൾ ഇവിടെയുണ്ട്. ഇടമലക്കുടിയും തെരഞ്ഞെടുപ്പ് ചൂടിലാണ്. ഇത്തവണ 1041 പേരാണ് വോട്ട് ചെയ്യുന്നത്. 85 വയസിനുമേൽ പ്രായമുള്ളവർ വീട്ടിൽ വോട്ട് ചെയ്തു. ഇടമലക്കുടി ട്രൈബൽ സ്കൂൾ, മുളകുത്തറക്കുടി കമ്യൂണിറ്റി ഹാൾ, പറപ്പയാർക്കുടി ഇഡിസി സെന്റർ എന്നിങ്ങനെ മൂന്നു ബൂത്തുകളാണ് പഞ്ചായത്തിലുള്ളത്.
516 പുരുഷ വോട്ടർമാരും 525 സ്ത്രീ വോട്ടർമാരുമാണുള്ളത്. കുടികളിലെ പരമാവധി പേരെ ബൂത്തുകളിലെത്തിച്ച് വോട്ടു ചെയ്യിക്കാനുള്ള ശ്രമങ്ങൾ ജില്ലാ ഭരണകൂടം നടത്തിയിരുന്നു. സംസ്ഥാനത്തെ വിദൂര ആദിവാസിഗ്രാമമായ ഇടമലക്കുടിയിലേക്കുള്ള പോളിംഗ് സാമഗ്രികളുമായി പോലീസിനും വനപാലകർക്കുമൊപ്പും ജീപ്പിലാണ് പോളിംഗ് ഉദ്യോഗസ്ഥർ എത്തുന്നത്. കുടികളിലെ പരമാവധി പേരെ ബൂത്തുകളിലെത്തിച്ച് വോട്ടു ചെയ്യിക്കാനുള്ള ശ്രമങ്ങൾ ജില്ലാ ഭരണകൂടം നടത്തിയിരുന്നു.
മൂന്നാറിൽനിന്ന് ഇരവികുളം ദേശീയപാർക്കിലൂടെ പെട്ടിമുടിവഴി ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് ജീപ്പുറോഡ് നിലവിലുണ്ട്. കുടിനിവാസികൾ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ കാൽനടയായാണ് ഇപ്പോഴും പെട്ടിമുടിക്ക് യാത്രചെയ്യുന്നത്. നിബിഢവനത്തിലൂടെ യാത്രക്കിടയിൽ വന്യമൃഗങ്ങളെ കാണാം. ദേശീയപാർക്കിലൂടെയും സംരക്ഷിത വനമേഖലയിലൂടെയും യാത്രചെയ്യേണ്ടതുള്ളതിനാൽ പൊതുജനങ്ങൾക്ക് അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിക്കുന്നതിനു വിലക്കുണ്ട്.