ഗുണ്ടകൾക്കെതിരെ 'ഓപ്പറേഷൻ ആഗ്': നൂറുകണക്കിന് ക്രിമിനലുകൾ പിടിയിൽ
കേരളത്തിൽ വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളാണ് കസ്റ്റഡിയിലായത്. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകൾ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തർ സംസ്ഥാന മോഷ്ടാവ് ജാഫർ എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലിൽ 181 പേർ പിടിയിലായി.
കോഴിക്കോട് നഗരത്തിലും നിരവധി ഗുണ്ടകൾ പിടിയിലായി. ഇന്നലെ രാത്രി നടന്ന വ്യാപക പരിശോധയിൽ 69 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ക്വട്ടേഷൻ സംഘത്തെയും പൊലീസ് പിടികൂടി. ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടികളുടെ ഭാഗമായാണ് കോഴിക്കോട് നഗരത്തിലെ അറസ്റ്റ്. പിടിയിലായവരുടെ വിശദമായ വിവരശേഖരണം നടത്തും. തുടർന്നാവും ഇവർക്കെതിരെ എന്ത് നടപടികളെടുക്കണെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കോഴിക്കോട് റൂറൽ പരിധിയിൽ 147 പേർ കരുതൽ തടങ്കലിലാണ്. 26 വാറണ്ട് പ്രതികൾ, 13 പിടികിട്ടാപുള്ളികൾ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. സാമൂഹ്യവിരുദ്ധരും ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ടവരും കസ്റ്റഡിയിലുണ്ട്.