വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി
വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. മാത്രമല്ല ഇത് സംബന്ധിച്ച് വനം വികസന കോർപ്പറേഷൻ എം.ഡിയോട് വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. വനത്തിൽ യൂക്കാലി മരങ്ങൾ നടണമെന്ന ഉത്തരവ് ശരിയായ നടപടി അല്ലെന്നും നടപടിക്രമത്തിൽ അശ്രദ്ധ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പിന്റെ പുതിയ നീക്കത്തോടെ വയനാട്ടിലെ കെ.എഫ്.ഡി.സിയുടെ പേര്യയിലെ 200 ഹെക്ടർ തോട്ടത്തിൽ യൂക്കാലി മരങ്ങൾ നടാനാണ് സാധ്യതയെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അതേസമയം കേരളത്തിലെ പരിസ്ഥിതിയെ നൂറുകൊല്ലം പിറകോട്ടു കൊണ്ടുപോകുന്ന തീരുമാനമാണിതെന്നായിരുന്നു പ്രകൃതി സംരക്ഷണ സമിതിയുടെ പരാമർശം. ഇത്തരം വൃക്ഷങ്ങൾ കാട്ടിൽ നടുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെയും 2021ലെ കേരള വനനയത്തിന്റെയും നഗ്നമായ ലംഘനമാണ് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന് യൂക്കാലി നടാൻ അനുമതി നൽകിക്കൊണ്ടുള്ള വനം മേധാവിയുടെ ഉത്തരവ്.