സാമ്പത്തിക പ്രതിസന്ധി; ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സർക്കാർ
സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ, ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താൻ സംസ്ഥാന സർക്കാർ. 1700 കോടി രൂപ എടുക്കാനാണ് തീരുമാനം. ഈയാഴ്ചതന്നെ പണം ട്രഷറിയിലെത്തും.
മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 500 കോടിയുമാണ് സമാഹരിക്കുക. ഇത് ട്രഷറിയിൽ ഹ്രസ്വകാല സ്ഥിരനിക്ഷേപമായി സ്വീകരിക്കും.
കൂടുതൽ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോർപ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാൽ അവരും സർക്കാരിന് പണം നൽകിയേക്കും.
ഓണക്കാലത്തെ ചെലവുകളെത്തുടർന്ന് മറ്റ് ഇടപാടുകൾക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സർക്കാർ നീക്കം. ഈവർഷം കേന്ദ്രം അനുവദിച്ചതിൽ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാൻ ശേഷിക്കുന്നത്.
ഓണച്ചെലവുകൾക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകൾ ഒഴിച്ചുള്ള ബില്ലുകൾ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയിൽ നിയന്ത്രണത്തിന് അയവുനൽകാൻ ഇനിയുമായിട്ടില്ല. എങ്കിലും അത്യാവശ്യമുള്ള ബില്ലുകൾ പാസാക്കാൻ ക്ഷേമനിധികളിൽനിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.