തലസ്ഥാനം മാറ്റണമെന്ന ആവശ്യം; ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി ഈഡൻ
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി പാർലമെന്റിൽ നൽകിയ സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എംപി. 'ഇത്തരം ബില്ലുകൾ എം പിയുടെ അവകാശമാണ്. ഒരു ആശയത്തെ പ്രചരിപ്പിക്കാനും അത് ചർച്ചയാക്കാനുമാണ് ഈ രീതിയിലുള്ള ബില്ലുകൾ നൽകുന്നത്. അതിനപ്പുറമുള്ള ഗൗരവം ഇതിനില്ല. വിവാദങ്ങളിൽ കെട്ട് പിണഞ്ഞ് കിടക്കുന്ന സംസ്ഥന സർക്കാർ തങ്ങളുടെ മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രത്തിന്റെ സഹായത്തോടെ ഈ ബിൽ ചോർത്തി നൽകിയത്' ഹൈബി ഈഡൻ ആരോപിച്ചു.
'പാർട്ടിയുടെ അനുമതിയോടെയല്ല ഒരു എംപി സ്വകാര്യ ബില്ലുകൾ നൽകാറുള്ളത്. ഈ വിഷയത്തിൽ തന്റെ പരിപൂർണ അഭിപ്രായം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വിവാദങ്ങൾ ഇതോടു കൂടി അവസാനിപ്പിക്കണം എന്നതാണ് തന്റെ അഭ്യർത്ഥന. സ്വകാര്യ ബിൽ എന്ന് പറയുന്നത് ആശയം പ്രകടിപ്പിക്കലാണ്. അതല്ലാതെ അത് സർക്കാർ അംഗീകരിച്ച് പ്രാബല്യത്തിൽ വരില്ല. താൻ നേരത്തെ നൽകിയ ബില്ലാണ് ഇത്. എല്ലാ ബില്ലുകളും പാർലമെന്റ് സ്വീകരിക്കില്ല. നറുക്കിട്ടാണ് ബില്ലുകൾ പലതും എടുക്കാറുള്ളത്. എന്നാൽ ഈ ബില്ലിനെ പറ്റി അനാവശ്യ വിവാദങ്ങൾ ഉണ്ടായി എന്നത് സത്യവസ്ഥയാണ്' എന്നും ഹൈബി കൂട്ടിച്ചേർത്തു.
തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണെമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിന്റെ വിശദാംശങ്ങൾ പുറത്ത് വന്നതോടെ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെ വിമർശങ്ങൾ ഉയർന്നിരുന്നു. ബിൽ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും എംപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഹൈബി ഈഡൻ തന്നെ രംഗത്തെത്തിയത്.