അമിത് ഷായുടെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്
മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്.
അന്വേഷണത്തിന്റെ ഭാഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഡൽഹി പൊലീസ് നിർദേശിച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിർദേശമുണ്ട്.
വിഡിയോ പ്രചരിപ്പിച്ച അഞ്ച് കോൺഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 153, 153 എ, 465, 469, 171 ജി, ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി) നിയമത്തിലെ 66 സി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പട്ടികജാതി (എസ്.സി), പട്ടികവർഗ (എസ്.ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നിവർക്കുള്ള സംവരണം ബി.ജെ.പി റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടിയുള്ള സംവരണം റദ്ദാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവന എഡിറ്റ് ചെയ്താണ് വിഡിയോ പ്രചരിപ്പിച്ചത്. തെലങ്കാന കോൺഗ്രസ് ഈ വിഡിയോ എക്സിൽ പങ്കുവെച്ചിരുന്നു. മറ്റ് കോൺഗ്രസ് നേതാക്കൾ ഇത് റീപോസ്റ്റ് ചെയ്യുകയും ചെയ്തു.