കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 115 പേർക്ക്
സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു.നാളെയാണ് യോഗം ചേരുക . രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും, മുന്‍കരുതല്‍ നടപടികളും യോഗം ചർച്ച ചെയ്യും.
രാജ്യത്തെ ആകെ ആക്ടീവ് കേസുകളിൽ 89.38 ശതമാനവും നിലവിൽ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർദ്ധിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്രം നൽകിയിട്ടുള്ളത്.
പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാഗമാക്കി മുൻകരുതൽ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.