കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു; പനി നിസാരമാക്കരുതെന്ന് വിദഗ്ധർ
കോവിഡ് കേസുകളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുന്നു. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. സെപ്റ്റംബറിൽ 336 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികിൽസയ്‌ക്കെത്തുന്നത്. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത് 12,443 പേരാണ്. 670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേർ കോവിഡ് ചികിൽസയിലുണ്ട്. സെപ്റ്റംബർ 1 മുതൽ 30 വരെ 336 മരണം കൂടി സ്ഥിരീകരിച്ചു.
പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് കേരളത്തിലാണു മാസങ്ങളായി രോഗബാധിതരുടെ എണ്ണം കൂടി നിൽക്കുന്നത്. പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാൽ യഥാർഥ സ്ഥിതി വ്യക്തമാകുന്നില്ല. മഹാവ്യാധി അവസാനിച്ചിട്ടില്ലെന്നും മാസ്‌കും സാമൂഹിക അകലവും പരമാവധി പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഓണത്തിനു ശേഷമാണു കേസുകളിൽ കാര്യമായ വർധനയുണ്ടായതെന്നും അതു പുതിയ വകഭേദമല്ലെന്നുമാണ് ഐഎംഎയുടെ വിലയിരുത്തൽ.