സിദ്ധാർത്ഥന്‍റെ മരണം; സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണം: സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയത്. കേസിൽ അന്വേഷണം തുടങ്ങിയതായും ദില്ലി യൂണിറ്റ് കേസ് അന്വഷിക്കുന്നതിനാൽ പൊലീസ് സഹായം വേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ രേഖാമൂലം ആവശ്യപ്പെട്ടാൽ എല്ലാ സഹായവും നൽകണമെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് പറഞ്ഞു.
അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരായ സിദ്ധാർത്ഥന്‍റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. അതേസമയം സിദ്ധാർത്ഥന്‍റെ മരണത്തിൽ കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സി ബി ഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ സിദ്ധാർഥൻ കേസിലെ എഫ് ഐ ആർ സമർപ്പിച്ചത്. ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.
നേരത്തെ കേസ് അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് 20 പേരെയാണ് പ്രതി ചേർത്തിരുന്നത്. ഇവർക്ക് പുറമെ ഒരാൾ കൂടി സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ഇയാളുടെ പേര് പരാമർശിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.