ബസ് ഡ്രൈവറുമായുള്ള തർക്കം; മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്ന് കോടതി; പൊലീസിന് വിമർശനം
തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പൊലീസിന് കോടതിയുടെ വിമർശനം. യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ഡ്രൈവർ യദു കന്റോൺമന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമർശിച്ചത്. യദു കോടതിയിൽ സമർപ്പിച്ച മോണിറ്ററിങ് പെറ്റീഷൻ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ. സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. എതിർകക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പൊലീസിനു വിമർശനമുണ്ട്.
മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയുമടക്കം അഞ്ച് ആളുകളുടെ പേരിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹർജി ഫയൽചെയ്തത്.