കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമാകും. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍
മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അതേസമയം, കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. തെക്ക്-കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും കോമോറിന്‍ മേഖലയ്ക്ക്മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കാരണമാണ് കേരളത്തിൽ മഴ സജീവമാകുന്നത്.
കോട്ടയം അടക്കമുള്ള ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. തുടർന്ന് തീക്കോയി, തലനാട് പഞ്ചായത്തുകളില്‍ മൂന്ന് സ്ഥലങ്ങളിൽ ഉരുള്‍പൊട്ടി. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞും, തോട് കരകവിഞ്ഞും നാശനഷ്ടങ്ങളുണ്ടായി. ഗതാഗതം നിരോധിച്ച ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ ഇന്നു രാവിലെ മുതല്‍ ഭാഗീകമായി ഗതാഗതം ആരംഭിക്കും.