പി.സി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി നേരിട്ടു കാണും
പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻറണി ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ബിജെപി നേതൃത്വത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് അനിൽ ആന്റണി പി സി ജോർജിനെ നേരിട്ടു കാണുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന അനിൽ ആന്റണി, കോട്ടയത്തെത്തി ബിജെപി ജില്ലാ നേതാക്കളെയും കൂട്ടികൊണ്ടാകും പി സി ജോർജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുക.
അതേസമയം, പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പി സി ജോർജിന്റെ പരസ്യ പ്രതികരണങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണം വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന പി സി ജോർജിന്റെ പരാമർശത്തിനെതിരെ എൻഡിഎ ഘടകകക്ഷി കൂടിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെയും പരാതി അറിയിച്ചിട്ടുണ്ട്.
അതേസമയം, അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിനെതിരെ പത്തനംതിട്ട ബിജെപിയിലും പരസ്യ പ്രതിഷേധം ഉയർന്നിരുന്നു. നേതൃത്വത്തെ വിമർശിച്ച് ബിജെപി ജില്ലാ നേതാവ് സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയും ചെയ്തു. അനിലിന്റെ സ്ഥാനാർഥിത്വത്തെ പിതൃശൂന്യനടപടിയെന്നു വിശേഷിപ്പിച്ച കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ ഒന്നിലധികം തവണയാണ് പി സി ജോർജ് തന്റെ അനിഷ്ടം പരോക്ഷമായി പ്രകടിപ്പിക്കുകയുണ്ടായി. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്നും പി സി ജോർജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.