കേരളത്തിലേക്ക് വൻകിട മദ്യ കമ്പനികൾ എത്തുന്നു: അനുമതി തേടി ബക്കാർഡി
വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്‌ക്കായി വൻകിട കമ്പനികൾ കേരളത്തിലേക്ക് എത്തുന്നു. ഹോട്ടി വൈനിന്റെ മറവിലാണ് വീര്യം കുറഞ്ഞ മദ്യവുമായി വൻകിട മദ്യ കമ്പനികൾ സംസ്ഥാനത്തേക്ക് വരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബക്കാർഡി അനുമതി തേടി രംഗത്തെത്തി.
തദ്ദേശീയമായി ഹോട്ടി വൈൻ ഉൽപ്പാദിപ്പിക്കുമെന്നായിരുന്നു സർക്കാർ നൽകിയ വാഗ്ദാനം. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് ധാന്യങ്ങൾ ഒഴികെയുള്ള പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിലൂടെ സംസ്ഥാനത്ത് അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു വാദം.
വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കാൻ മദ്യനയത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാല്‍ തദ്ദേശീയ ഉത്പാദനത്തിന് പകരം വൻകിട മദ്യ കമ്പനികൾക്ക് സംസ്ഥാനത്തിന്റെ വാതിൽ മുട്ടുകയാണ്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതിയിൽ വില്‍പ്പനയ്‌ക്കെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വില്‍പ്പന ഉയരുമെന്ന് ഉത്പാദകര്‍ പറഞ്ഞിരുന്നു. മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാകുമ്പോള്‍ നികുതി ഇളവ് വേണമെന്നും ആവശ്യം ഉയർന്നുവന്നിരുന്നു. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം വർധിപ്പിക്കാൻ നികുതി കുറയ്‌ക്കണമെന്നാണ് നാളുകളായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെട്ടിരുന്നത്.