ലോക്സഭാ തെരഞ്ഞെടുപ്പ്: കുടുംബസമേതം വോട്ട് ചെയ്യാനെത്തി സുരേഷ് ഗോപി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നത് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട് ആറുവരെയാണ് പോളിംഗ്. രാവിലെ തന്നെ സ്ഥാനാർത്ഥികളും നേതാക്കളും വോട്ട് ചെയ്യാനെത്തി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മണപുളളിക്കാവ് എൽപി സ്കൂളിൽ വോട്ട് ചെയ്തു.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി അതിരാവിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ൽ ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ട്.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2,77, 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.