ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം; സിസിടിവി ദൃശ്യങ്ങളിൽ നിർണായക വിവരങ്ങൾ
ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പോലീസ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിനായി പുതിയ സംഘത്തെയും നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ കിട്ടിയതോടെയാണ് പോലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയത്.
വെറുമൊരു ആത്മഹത്യ കേസായി വിശ്വനാഥന്‍റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും എസ് സി എസ് ടി കമ്മീഷൻ പെലീസിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ അദ്ദേഹം സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഇതിൽനിന്നും വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേരോട് സംസാരിക്കുന്നതും, പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. എസ് സി - എസ് ടി കമ്മീഷന്‍റെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.