പോർക്കിനും മട്ടനും പകരം പൂച്ചയിറച്ചി; ചൈനയിൽ അറവുശാലയിൽ 1,000 പൂച്ചകളെ കണ്ടെത്തി
ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്‌സു പ്രവിശ്യയിലെ സൂസ്‌ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍.
ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന ഇവര്‍ ട്രക്ക് തടഞ്ഞു നിര്‍ത്തി പോലീസിന്റെ സഹായം തേടി. അറവുശാലകളില്‍ നിന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലെക്കെത്തിക്കുന്ന മാംസം, പോര്‍ക്ക്, മട്ടൺ, ബീഫ് തുടങ്ങിയ മാംസങ്ങളെന്ന വ്യാജേന ആളുകള്‍ക്ക് വിളമ്പുന്നുണ്ടെന്നാണ് മൃഗസ്‌നേഹികള്‍ വ്യക്തമാക്കുന്നത്.
ഒരു പൗണ്ടിന് (ഏകദ്ദേശം 450 ഗ്രാം) 30 യുവാന്‍ അതായത് ഏകദേശം 340 ഇന്ത്യന്‍ രൂപയാണ് ചൈനയില്‍ മട്ടന് വില. അതേസമയം, പൂച്ചയുടെ മാംസത്തിന് ഒരു പൗണ്ടിന് 4.50 യുവാന്‍ മാത്രമാണ് വില. നാലോ അഞ്ചോ പൗണ്ട് തൂക്കം വരുന്ന പൂച്ചയിറച്ചി മട്ടനെന്ന വ്യാജേന വിറ്റാല്‍ അത്രയും പണം ലാഭം.
രക്ഷപ്പെടുത്തിയ പൂച്ചകള്‍ സംഘടനയുടെ വളണ്ടിയര്‍മാരുടെ സംരക്ഷണയിലാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യവുമായി ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി. യാതൊരു തരത്തിലുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും രാജ്യത്ത് പാലിക്കപ്പെടുന്നില്ലെന്നാണ് വിമര്‍ശനം. അടുത്തിടെ ചൈനയിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ എലിയുടെ തല കണ്ടെത്തിയത് വാർത്തയായിരുന്നു.