മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മെക്സിക്കോയുടെ പ്രസിഡന്റാകുന്നത്. മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 60 ശതമാനത്തോളം വോട്ടു നേടിയാണ് വിജയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റിയാണ് ക്ലോഡിയയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖ്യ എതിരാളിയും ബിസിനസുകാരിയുമായ സൊചിതിൽ ഗാൽവേസിനേക്കാൾ 30 ശതമാനം അധികം പോയിന്റാണ് ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയ നേടിയത്. മൊറേന പാർട്ടി സ്ഥാപകനും നിലവിലെ മെക്സിക്കൻ പ്രസിഡന്റുമായ ആൻഡ്രസ് മാനുവൽ ലോപ്പസിന്റെ വിശ്വസ്തകൂടിയാണ് ക്ലോഡിയ.
ഒക്ടോബർ ഒന്നിന് ആൻഡ്രസ് സ്ഥാനമൊഴിയുകയും ക്ലോഡിയ പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്യും. മെക്സിക്കൻ സിറ്റിയുടെ മേയറായിരുന്ന ക്ലോഡിയ ഷെയിൻ ബോം, രാജ്യത്തെ ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു. ഇതുതന്നെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പാതയിൽ അവർക്ക് കരുത്തേകിയതും. ആൻഡ്രസ് മാനുവൽ ലോപ്പസ് മെക്സിക്കൻ സിറ്റിയുടെ മേയറായിരുന്നപ്പോൾ അന്ന് പരിസ്ഥിതി സെക്രട്ടറിയായിരുന്നു ക്ലൗഡിയ. 2018-ൽ അവർ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി. 2023-ൽ സ്ഥാനം ഒഴിഞ്ഞു.
എനർജി എൻജിനീയറിങ്ങിൽ ഡോക്ടറേറ്റുള്ള ക്ലൗഡിയ, കാലാവസ്ഥാ ശാസ്ത്രജ്ഞകൂടിയാണ്. അവരുടെ മാതാപിതാക്കളും ശാസ്ത്രജ്ഞരായിരുന്നു. കാലിഫോണിയയിലെ ഗവേഷണ കേന്ദ്രത്തിൽ മെക്സിക്കൻ ഊർജ ഉപഭോഗത്തേക്കുറിച്ച് അവർ വർഷങ്ങളോളം പഠനം നടത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്ധയാണ് ക്ലൗഡിയ.
പ്രസിഡന്റിനെ കൂടാതെ മെക്സിക്കൻ കോൺഗ്രസിലേക്കുള്ള അംഗങ്ങൾ, എട്ട് സംസ്ഥാനങ്ങളിലെ ഗവർണർമാർ, മെക്സിക്കോ സിറ്റി സർക്കാരിന്റെ തലവൻ, ആയിരത്തോളം പ്രദേശിക ഭരണകർത്താക്കൾ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ 20-ഓളം പേർ കൊല്ലപ്പെട്ടെന്നാണ് സർക്കാരിന്റെ കണക്ക്.