ഇഡി വരും; 10 ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക
ഇന്ന് 43,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. വില കുറഞ്ഞു നിൽക്കുന്ന സമയമായതിനാൽ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണം വാങ്ങാനായി പലരും അഡ്വാൻസ് ബുക്കിംഗും നടത്തുന്ന സമയം കൂടിയാണിത്. എന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പുറത്തു വരുന്ന വാർത്ത.
10 ലക്ഷത്തിന് മുകളിലുള്ള ഇടപാട്
ഒന്നോ ഒന്നിൽ കൂടുതലോ ഇടപാടുകളിലായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ ഇക്കാര്യം ജുവലറികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിക്കണമെന്നാണ് നിയമം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിൽ സ്വർണമേഖലയെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ജുവലറികൾക്ക് നോട്ടീസ് നൽകിയത്. ഇതോടൊപ്പം സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റും വലിയ സ്വർണ ഇടപാടുകളുടെ വിവരം ജുവലറികളിൽ നിന്ന് തേടിയിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതും സംശയം തോന്നുന്നതുമായ ഇടപാടുകൾ അറിയിക്കാനാണ് ജുവലറികൾക്ക് നിർദ്ദേശം. ധനം ഓൺലൈനാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയതത്.
രേഖകൾ പ്രധാനം
അതേസമയം സ്വർണ ഇടപാടുകളെ കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ ഉൾപ്പെടുത്തിയതോടെ 10 ലക്ഷത്തിന് മുകളിലുള്ള സ്വർണ ഇടപാട് വിവരങ്ങൾ ജുവലറികൾ 5 വർഷം സൂക്ഷിക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. ഇടപാടുകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ ജുവലറികൾ ഇക്കാര്യം സാമ്ബത്തിക ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കണം. ഇത്തരം ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇതിനായി ശേഖരിക്കേണ്ടതുണ്ട്. സാമ്ബത്തിക ഇന്റലിജൻസ് യൂണിറ്റുമായി സ്ഥാപനത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സമ്ബർക്കം പുലർത്തണമെന്നുമാണ് കേന്ദ്ര നിർദ്ദേശം. സ്വർണത്തോടൊപ്പം വെള്ളി, പ്ലാറ്റിനം, വജ്രം, മരതകം തുടങ്ങിയവയ്ക്കും ഇതേ നിയമങ്ങൾ ബാധകമാണ്. ഇടപാടിന്റെ തരം, മൊത്ത ഇടപാട് ആകെ തുക, പേയ്മെന്റ് തീയതി, ഉപഭോക്താക്കളുടെ മറ്റു പ്രധാന വിശദാംശങ്ങൾ എന്നിവ 5 വർഷത്തേക്ക് ലഭ്യമാക്കണം.
വിവര ശേഖരണം എന്തിന്
തീവ്രവാദ ഫണ്ടിംഗും കള്ളപ്പണവും തടയാനാണ് നടപടി എന്നാണ് കേന്ദ്ര സർക്കാർ സർക്കുലറിൽ പറയുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സാമ്ബത്തിക ഇന്റലിജൻസ് യൂണിറ്റിനും നൽകാനുള്ള വിവരങ്ങൾ വ്യാപാരികൾ രേഖപ്പെടുത്തി 7 ദിവസത്തിനകം കൈമാറേണ്ടതുണ്ട്. 2022-23 സാമ്ബത്തിക വർഷത്തിൽ 500 കോടി രൂപയ്ക്കുമേൽ വിറ്റുവരവുണ്ടായിരുന്ന ജുവലറികൾ ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണം എന്നാണ് കേന്ദ്ര നിർദ്ദേശം.
500 കോടി രൂപയ്ക്ക് താഴെയാണ് വിറ്റുവരവെങ്കിൽ വ്യാപാര അസോസിയേഷൻ/സംഘടന വഴിയും നോഡൽ ഓഫീസറെ നിയമിക്കണം. ചട്ടം പാലിച്ചില്ലെങ്കിൽ ഒരുലക്ഷം രൂപവരെയാണ് പിഴ. സംശയകരമായ ഇടപാട് പിടിക്കപ്പെട്ടാൽ കള്ളപ്പണ നിരോധന നിയമ പ്രകാരം കണ്ടുകെട്ടലിന് പുറമേ ജുവലറി ജീവനക്കാരനും ഉടമയ്ക്കും മൂന്നുമുതൽ ഏഴുവർഷം വരെ ജയിൽശിക്ഷയും കിട്ടുമെന്നാണ് 2020 ഡിസംബറിലെ സർക്കുലറിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
ആരുടെ ഇടപാടുകൾ കൈമാറും
ആരുടെ ഇടപാടുകൾ ശ്രദ്ധിക്കണം എന്നത് സംബന്ധിച്ചും കേന്ദ്ര സർക്കുലർ വിശദമായി പറയുന്നുണ്ട്. സംശയകരമായ പെരുമാറ്റവരുടെ വിവരങ്ങളാണ് ആദ്യത്തേത്. വിദേശ കറൻസിയിൽ പണമടയ്ക്കുന്നവർ, ആർടിജിഎസ്, യുപിഐ, എൻഇഎഫ്ടി എന്നിവ വഴി ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് പണം അടയ്ക്കുന്നവർ, ഗോൾഡ് പർച്ചേസ് സ്‌കീം അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്നും മറ്റും സംശയകരമായ വിധത്തിൽ വലിയ തുക എത്തുന്ന സാഹചര്യത്തിൽ ഇടപാടുകളുടെ വിവരങ്ങൾ ജുവലറികൾ സൂക്ഷിക്കണം.
യുഎപിഎ അടക്കം ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവരുടെ ഇടപാടുകളും ഏജൻസികൾക്ക് നൽകാനാണ് നിർദ്ദേശം.