സ്ട്രോക്ക് വന്നാൽ ഉടൻ ആശുപത്രിയിലെത്തിക്കണം; ഇവ നിസ്സാരമാക്കരുത്
തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക്ക് എന്ന് പറയുന്നു. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. നമ്മൾ ഇതിനകം കണ്ടതുപോലെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്‌ട്രോക്ക് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
സ്‌ട്രോക്കിനുള്ള പ്രധാന സാധ്യതാ ഘടകം നമ്മുടെ ജീനാണ്. ഒരിക്കൽ സ്‌ട്രോക്ക് വന്നാൽ അത് ആവർത്തിക്കാനുള്ള സാധ്യത പലമടങ്ങ് വർധിപ്പിക്കും. ഉയർന്ന രക്തസമ്മർദം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതഭാരം, പുകവലി, ആസക്തി മരുന്നുകൾ പോലെയുള്ള ദുഃശീലങ്ങൾ, മാനസിക പിരിമുറുക്കം, ഉയർന്ന കൊളസ്‌ട്രോൾ, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൃദ്രോഗങ്ങൾ, അമിത പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർക്കു സ്‌ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്.
സ്‌ട്രോക്ക് മാനേജ്‌മെൻറിൻറെ വിജയത്തിലെ പ്രധാന ഘടകം ഉടനടിയുള്ള ചികിത്സയാണ്. എത്ര നേരത്തെ ചികിത്സ ആരംഭിക്കുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും. മുഖത്തെ വ്യതിയാനം, ബലഹീനത, സംസാരത്തിലെ മന്ദത, പെട്ടെന്നുള്ള അന്ധത, പെട്ടെന്നുള്ള ഓർമക്കുറവ്, പെട്ടെന്നുള്ള തലകറക്കം അല്ലെങ്കിൽ പെട്ടെന്നുള്ള കടുത്ത തലവേദന എന്നിങ്ങനെ ഏതെങ്കിലും വൈകല്യത്തിൻറെ പെട്ടെന്നുള്ള ആവിർഭാവം കാണുമ്പോഴാണ് അത് മസ്തിഷ്‌കാഘാതമാണെന്ന് നമ്മൾ മനസിലാക്കുന്നത്. രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരാശുപത്രിയിലേക്ക് എത്തിക്കുക. ഏതെങ്കിലും പ്രാദേശിക ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്.