യു എ ഇ യൂണിയൻ ദിനാഘോഷം വെള്ളിയാഴ്ച
ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂർത്തിയാവുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന് വെള്ളിയാഴ്ച ദുബൈ അൽ വാസൽ ക്ലബ്ബിൽ യൂണിയൻ ദിനാഘോഷം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലെ ഊഷ്മള സൗഹൃദത്തിന്റെയും യു എ ഇയോടുള്ള അവാച്യമായ കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറുന്ന ചടങ്ങ് ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. വൈകിട്ട് 7.30 ആരംഭിക്കുന്ന ചടങ്ങിൽ ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
കർണാടക സ്പീക്കർ യു ടി ഖാദർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് സി എം ഡി പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായിരിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി, അറബ് പൗരപ്രമുഖര്‍, പ്രമുഖ പണ്ഡിതർ, സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവർ സംബന്ധിക്കും.കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന 'വിശ്വാസപൂർവം' എന്ന ആത്മകഥയുടെ കവർ പ്രകാശനം ചടങ്ങിൽ നടക്കും.
പരിപാടിയുടെ വിജയത്തിന് അബ്ദുറഹ്മാൻ അബ്ദുല്ല ഹാജി ബനിയാസ് സ്പൈക്ക് ചെയർമാനും ഡോ. മുഹമ്മദ് ഖാസിം ജനറൽ കൺവീനറും ശംസുദ്ധീൻ നെല്ലറ ട്രഷററുമായ സ്വാഗതസംഘവും മർകസ്, കെ സി എഫ്, ആർ എസ് സി എന്നിവയുടെ നേതൃത്വത്തിൽ വിവിധ സമിതികൾ പ്രവർത്തിക്കുന്നു. വിവിധ എമിറേറ്റുകളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ സംബന്ധിക്കും. പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഉസ്മാൻ സഖാഫി തിരുവത്ര, ശരീഫ് കാരശ്ശേരി, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, മുനീർ പാണ്ഡ്യാല സംബന്ധിച്ചു.