പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കയ്യടിയുമായി പ്രവാസ ലോകം
കേന്ദ്രസർക്കാർ ബജറ്റിൽ പൂർണമായി അവഗണിച്ചെങ്കിലും പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച കേരള എം.പിമാർക്ക് പ്രവാസലോകത്തിന്റെ കൈയടി.പാർലമെന്റിൽ ചോദ്യോത്തരവേളയിൽ വടകര എം.പി ഷാഫി പറമ്പിൽ പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് ചൂഷണം തുറന്നുകാട്ടി. ‘പ്രവാസികൾ നാടുകടത്തപ്പെട്ടവരല്ലന്നും കോടിക്കണക്കിന് വിദേശപണം നാട്ടിലെത്തിക്കുന്ന ഇവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ ഉണർത്തി.
അടിയന്തരഘട്ടങ്ങളിൽ പോലും ടിക്കറ്റ് നിരക്ക് വർധന കാരണം പ്രവാസികൾക്ക് നാട്ടിലെത്താനാകുന്നില്ല. വിഷയത്തിൽ ഇടപെടുകയും നടപടിയുണ്ടാകണമെന്നും ഷാഫി ആവശ്യപ്പെട്ടു. വിഷയം ബന്ധപ്പെട്ടവരെ അറിയിക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി.വിമാന യാത്രാനിരക്കിലെ ക്രമാതീതമായ വർധനയും അകാരണമായുള്ള റദ്ദാക്കലുകളും പരിശോധിക്കണമെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം അവതരിപ്പിച്ച സ്പെഷൽ മെൻഷനിലാണ് എം.പി ഗൾഫ് മേഖലയെ പ്രത്യേകമായി പരാമർശിച്ച് എയർലൈൻ കമ്പനികൾ ഈടാക്കുന്ന അധിക ചാർജിനെതിരെ സംസാരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടർച്ചയായ വിമാനം റദ്ദാക്കലും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കണമെന്ന് പി.പി.സുനീർ എം.പിയും രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽനിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ വർധിപ്പിക്കണമെന്നും എ.പി ആവശ്യപ്പെട്ടു.
എന്നാൽ വിമാന ടിക്കറ്റ് നിരക്ക് അടക്കമുള്ളവ നിരവധി തവണ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ സർക്കാർ പൂർണമായും ഈ ചർച്ചയുടെ വാതിൽ കൊട്ടിയടക്കുകയും ചെയ്തു. മാറിയ സാഹചര്യത്തിൽ കേന്ദ്രസർക്കാറിൽനിന്നും അനുകൂല സമീപനം ഉണ്ടാകുമോ എന്ന നിരീക്ഷണത്തിലാണ് പ്രവാസികൾ.