Begin typing your search...

കേരള- ഗൾഫ് യാത്രാ കപ്പൽ; താൽപര്യവുമായി 4 കമ്പനികൾ, നാളെ ചർച്ച

കേരള- ഗൾഫ് യാത്രാ കപ്പൽ; താൽപര്യവുമായി 4 കമ്പനികൾ, നാളെ ചർച്ച
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ. കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി (JM Baxi), സിത (Sita) ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇന്റർസൈറ്റ് (Intersight) ടൂർസ് ആൻഡ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ (Gangway) ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയാണ് താൽപര്യം അറിയിച്ചിരിക്കുന്നത്.

വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്നു ഗൾഫിലേക്കു യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യമുള്ള കമ്പനികളിൽ നിന്നു കേരള മാരിടൈം ബോർഡ് ഈ മാസം ആദ്യം താൽപര്യപത്രം (EOI) ക്ഷണിച്ചിരുന്നു. ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ കപ്പലുകൾ സർവീസ് നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണു ഈ കമ്പനികൾ ബോർഡിനെ താൽപര്യം അറിയിച്ചത്.

ഏപ്രിൽ 22 വരെ അപേക്ഷകൾ നൽകാമെന്നതിനാൽ ഇനിയും കൂടുതൽ കമ്പനികൾ താൽപര്യം അറിയിക്കുമെന്നാണു മാരിടൈം ബോർഡ് പ്രതീക്ഷിക്കുന്നത്. സീസണുകളിൽ ഗൾഫിൽ നിന്നു കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് ഉയർന്നതായതിനാൽ ഗൾഫ്–കേരള കപ്പൽ യാത്ര സാധാരണക്കാരായ പ്രവാസികൾക്കു സഹായകരമാകും. സീസണുകളിൽ സാധാരണ നിരക്കിന്റെ ഇരട്ടി വരെ വിമാന കമ്പനികൾ ഈടാക്കാറുണ്ട്.

വിമാനത്തിന്റെ പകുതി നിരക്കു പോലും യാത്രാക്കപ്പലിനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യാത്രാ സമയം വർധിക്കുമെങ്കിലും കൂടുതൽ ചരക്ക് കൊണ്ടുവരാൻ കഴിയുന്നതും നേട്ടമാണ്. താൽപര്യവുമായി മുന്നോട്ടു വരുന്ന കമ്പനികളുമായി മാരിടൈം ബോർഡ് വിശദമായ ചർച്ചകൾ നടത്തും. തുടർന്നു തുറമുഖങ്ങളിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയ ശേഷമാകും സർവീസ് സംബന്ധിച്ച അന്തിമ തീരുമാനം. ഓഫ് സീസൺ സമയങ്ങളിൽ യാത്രക്കാർ കുറഞ്ഞാൽ സർവീസ് പ്രതിസന്ധിയിലാകാനുള്ള സാധ്യതയുമുണ്ട്. ഇവ പരിഹരിക്കാനുള്ള ചർച്ചകളും നടത്തും. പ്രായോഗിക രീതിയിലുള്ള ധാരണകൾ രൂപപ്പെടുത്തിയ ശേഷമാകും ബോർഡ് പദ്ധതി അന്തിമമാക്കുക.

ആദ്യഘട്ട ചർച്ച നാളെ

കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഗൾഫിലേക്കുള്ള കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ചയും നാളെ കൊച്ചിയിൽ നടക്കും. വിവിധ കപ്പൽ കമ്പനികളുമായുള്ള ചർച്ചയും നാളെ നടക്കും. ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, ഉന്നത ഉദ്യോഗസ്ഥർ, പോർട്ട് ഓഫിസർമാർ, കൊച്ചിൻ ഷിപ്‌യാഡ്, ടൂറിസം വകുപ്പ് പ്രതിനിധികൾ, കപ്പൽ കമ്പനികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

പ്രവാസികളിൽ സർവേ

പ്രവാസികൾക്കിടയിൽ സർവേയുമായി മാരിടൈം ബോർഡ്. കപ്പലിൽ യാത്ര ചെയ്യാൻ താൽപര്യമുണ്ടോ, എത്ര ഇടവേളയിലാണു കേരളത്തിൽ വരിക, യാത്രാ സീസണുകൾ ഏതെല്ലാം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ലഗേജ് എത്ര, കപ്പൽ യാത്രയുടെ പ്രതീക്ഷിക്കുന്ന ദൈർഘ്യം തുടങ്ങിയ പത്തോളം ചോദ്യങ്ങളാണു ബോർഡിന്റെ വെബ്സൈറ്റ് (kmb.kerala.gov.in) സർവേയിലുള്ളത്.

WEB DESK
Next Story
Share it