'അരുമൈമകൻ' വാഴ്കെ..! അരിക്കൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം
ഇടുക്കി-ചിന്നക്കനാലിനെ കിടുകിടെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാരിനെതിരേ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചു പെരിയാർ കടുവ സാങ്കേതത്തിലെത്തിച്ചത്. ശ്രമകരമായ ദൗത്യമായിരുന്നു അത്. അരിക്കൊമ്പൻ എന്ന കുപ്രസിദ്ധ ആനയെ നാടുകടത്തുന്നതു കാണാൻ വഴിനീളെ ആളുകൾ തടിച്ചുകൂടി. പാതിരാത്രിയിലാണ് ആനയെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചത്.
ചിന്നക്കനാൽ മേഖലയിൽ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്പന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ. മേഖലയിൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തുവെന്നാണ് കണക്കുകൾ. ഒട്ടേറെ പേർ കൊമ്പന്റെ ആക്രമണത്തിനിരയായിട്ടുണ്ട്. തുടരെത്തുടരെയുള്ള ആനയുടെ ആക്രമണവും തദ്ദേശവാസികൾ മരിച്ചതും നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കി. അതോടെ ആനയെ മയക്കുവെടിവച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
മൂന്ന് ദിവസത്തെ പരിശ്രമത്തിനുശേഷം കഴിഞ്ഞ 2023 ഏപ്രിൽ 29ന് ഉച്ചയ്ക്കു 12ന് അരിക്കൊമ്പന് ആദ്യ മയക്കുവെടിവച്ചു. അഞ്ച് തവണ മയക്കുവെടി വച്ചതിന് ശേഷമാണ് റേഡിയോ കോളർ ഘടിപ്പിക്കാനായത്. അനിമൽ ആംബുലൻസിലാണ് പെരിയാർ കടുവ സാങ്കേതത്തിലെത്തിച്ചത്. ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് കമ്പം ടൗണിൽ ഇറങ്ങിയ കൊമ്പൻ വീണ്ടും ഭീതി പടർത്തി. ഇതോടെ രണ്ട് തവണ മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവ സാങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ആന കേരള വനത്തിലേക്ക് കടന്നുവെന്നും പ്രചരണമുണ്ടായി. എന്നാൽ കേരള വനത്തിലെ 35 കിലോമീറ്റർ അകലെയാണ് കോതയാർ വനം. കോതയാറിലെ ഡാമിലെ വെള്ളം കുടിച്ചും അവിടുത്തെ തണുത്ത അന്തരീക്ഷത്തിൽ ഇഴകി ചേർന്നും അരികൊമ്പൻ വിലസുകയാണ് ഇപ്പോൾ.
ഇതിനിടെ ആന ചരിഞ്ഞുവെന്നും അഭ്യൂഹം പരന്നിരുന്നു. എന്നാൽ അതൊക്കെ തെളിവുകൾ നിരത്തി വനം വകുപ്പ് തള്ളിക്കളഞ്ഞു. തമിഴ്നാട്ടിലെ കോതയാർ വനത്തിൽ വാസം തുടരുന്ന അരികൊമ്പൻ സുരക്ഷിതനെന്ന് വനം വകുപ്പ് വെളിപ്പെടുത്തുന്നു. ഇവിടത്തെ വനപാലകർ അരിക്കൊന്പനെ "അരുമൈമകൻ' എന്നാണ് വിളിക്കുന്നത്. എന്തായാലും നമുക്കും ആശ്വസിക്കാം. അരുമൈമകൻ വാഴ്കെ... അരുമൈമകൻ വാഴ്കെ..!