സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ വിമർശനവുമായി സ്നേഹ
സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു.
കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തത്തിനാൽ മറിമായം, അളിയൻസ്, വൈഫ് ഈസ് ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി.
സത്യത്തിൽ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത് എന്നും സ്നേഹ ചോദിക്കുന്നു. എൻട്രി വരുന്നതിൽ നിന്നും നല്ലത് കണ്ടുപിടിക്കാൻ അല്ലെ ജൂറിയെന്നും നടി ചോദിക്കുന്നുണ്ട്.
സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ
സർക്കാരിന്റെ ടെലിവിഷൻ അവാർഡ് പ്രഖ്യപിച്ചു. അതിൽ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയൽ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ് ഈസ് ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്.
നല്ല സീരിയൽ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും. എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണവും. സത്യത്തിൽ സർക്കാരിന് പൈസ ക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്??? നിലവിൽ ഉള്ള കാറ്റഗറി യിൽ അല്ലെ ഈ പ്രോഗ്രാമുകൾ അയക്കാൻ പറ്റുള്ളൂ?? അപ്പൊ അവയെ പരിഗണിക്കണ്ടേ?മാറിമായത്തിന് അവാർഡിന് അയച്ച എപ്പിസോഡുകൾ എല്ലാം ഒന്നിനൊന്നു നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതും ആയിരുന്നു. ഇതിനു മുന്നേ പല വർഷങ്ങളിൽ മാറിമായത്തിന് അവാർഡ് കിട്ടിയിട്ടും ഉണ്ട്. കിട്ടാത്തതിന്റെ വിഷമം ആയി കാണണ്ട, മാറിമായത്തിന് തന്നില്ലെങ്കിലും അർഹതയുള്ള മുകളിൽ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നു.
പിന്നെ പുറത്തു വന്ന റിസൾട്ടിൽ fiction എന്ന വിഭാഗത്തിൽ റിയാലിറ്റി ഷോ ഫോർമാറ്റിൽ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് വന്നത്. Fiction ആവണം എന്ന നിർബന്ധം അപ്പോൾ ഈ ഫിക്ഷൻ വിഭാഗത്തിന് ഇല്ലെ?? ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന പരിപാടികൾ വേറെ ഉള്ളപ്പോൾ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്???ഏതെങ്കിലും പ്രൈവറ്റ് അവാർഡ് ആയിരുന്നെങ്കിൽ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സർക്കാർ അവാർഡ് ആണ്.
അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാൻ ഞങ്ങൾക്ക് താൽപ്പര്യം ഉണ്ട്.പിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോൾ അടുത്തവണ എൻട്രികൾ കുറയുമല്ലോ?കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോൾ നല്ലൊരു വിഭാഗം ഇത്തവണ അവാർഡിന് അയച്ചില്ല. എൻട്രി വരുന്നതിൽ നിന്നും നല്ലത് കണ്ടുപിടിക്കാൻ അല്ലെ ജൂറി??എന്തായാലും മലയാളത്തിൽ നിലവാരം ഉള്ള ആക്ഷേപഹാസ്യ പരിപാടി ഇല്ല എന്നാണ് ജൂറി പറയുന്നത്,നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കു ഇതിൽ കമന്റ് ചെയ്യാം.