കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വയോധികന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലം ഭാഗത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയന്‍റഫിക് വിദഗ്ധരും പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സമീപവാസിയായ വീട്ടമ്മ ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം അവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരു വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൃതദേഹവശിഷ്ടങ്ങൾ ഇയാളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ സയന്‍റഫിക് വിദഗ്ധരുടെ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവ സ്ഥലത്ത് നിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തി. ഒരു കാൽപാദത്തിൽ മാത്രമാണ് മാംസഭാഗം അവശേഷിച്ചിരുന്നത്. രണ്ടു പുരയിടങ്ങളുടെ ഇടവഴിയിൽ ആണ് ശരീര അവശിഷ്ടങ്ങൾ കിടന്നിരുന്നത്. സമീപത്ത് തീപിടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട്. ആത്മഹത്യയാണോ മറ്റേതെങ്കിലും തരത്തിൽ അപായപ്പെടുത്തിയതാണോ എന്ന കാര്യം ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ ആകു എന്ന് പൊലീസ് പറഞ്ഞു.
സമീപവാസിയായ എം സി ഔസേപ്പ് എന്ന വയോധികനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഔസേപ്പിന്റെ മൃതശരീരം ആണോ ഇത് എന്ന സംശയം പൊലീസിനുണ്ട്. ഔസേപ്പിന്റെ തിരിച്ചറിയൽ കാർഡും ഇവിടെ നിന്ന് കിട്ടിയിരുന്നു. എന്നാൽ ശാസ്ത്രീയമായ പരിശോധന ഫലം വരാതെ മൃതദേഹം ആരുടേതാണെന്ന് കാര്യം സ്ഥിരീകരിക്കാൻ ആകില്ലെന്ന് പൊലീസ് അറിയിച്ചു.