ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ പരിശോധന നടത്തി ; കവർന്നത് 25 ലക്ഷം രൂപ , പൊലീസിൽ പരാതി നൽകി വീട്ടുടമ
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് അർദ്ധരാത്രി വീട്ടിൽ കയറിച്ചെന്ന ആറംഗ സംഘം 25 ലക്ഷം രൂപ കവർന്നു. തട്ടിപ്പാണെന്ന് പിന്നീട് മനസിലായതോടെ വീട്ടുടമ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിൽ ആറംഗ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും വിരമിച്ച രണ്ട് ജീവനക്കാർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
മുംബൈയിലാണ് സംഭവം. മാതുംഗ ഏരിയിലെ പ്രശസ്തമായ ഒരു കഫേയുടെ ഉടമയുടെ വീട്ടിലാണ് തട്ടിപ്പ് സംഘമെത്തിയത്. സിയോൺ ആശുപത്രിയുടെ സമീപത്തുള്ള വീട്ടിൽ അർദ്ധരാത്രിയോടെ എത്തിയ ആറംഗ സംഘം മുംബൈ ക്രൈം ബ്രാഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്വയം പരിചയപ്പെടുത്തി. തെരഞ്ഞെടുപ്പ് സംബന്ധമായ പരിശോധനയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധമുള്ള പണം ഈ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ട് എത്തിയതാണെന്നും അറിയിച്ചു.
എന്നാൽ തന്റെ ഹോട്ടൽ ബിസിനസിൽ നിന്ന് ലഭിച്ച 25 ലക്ഷം രൂപ മാത്രമേ വീട്ടിലുള്ളൂ എന്നും അതിന് തെരഞ്ഞെടുപ്പുമായി ബന്ധമൊന്നും ഇല്ലെന്നും വീട്ടുടമ പറഞ്ഞെങ്കിലും അത് അംഗീകരിക്കാതെ പണവുമെടുത്ത് മടങ്ങുകയായിരുന്നു. ഉടമയെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ സിയോൺ പൊലീസ് സ്റ്റേഷനിലെത്തി കേസ് ഫയൽ ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥനും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.