ആലുവ മണപ്പുറത്തെ കൊലപാതകം ; പ്രതി പൊലീസിൻ്റെ പിടിയിൽ
എറണാകുളം ആലുവ മണപ്പുത്ത് യുവാവിനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ ഉളിയന്നൂർ കാട്ടും പറമ്പിൽ അരുൺ ബാബു (28)നെയാണ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടിയത്. ജോസുട്ടി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ലഹരിയമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവ ശേഷം പ്രതി നെടുമ്പാശേരി വഴി മാണിക്കമംഗലത്തെ ബന്ധുവീട്ടിലെത്തി. അവിടെ ഇയാളെ കയറ്റിയില്ല. അവിടെ നിന്ന് പെരുമ്പാവൂർ വഴി തൊടുപുഴയിലെ സുഹൃത്തിൻ്റെ വീട്ടിലെത്തി രാത്രി അവിടെ താമസിച്ചു. പിറ്റേന്ന് വസ്ത്രം മാറി പാണംകുഴിയിലെത്തി. അവിടെയുള്ള സുഹൃത്തിൻ്റെ വീട്ടിൽ നിന്നും തിരിക്കുമ്പോഴാണ് പിൻതുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടിയത്.
എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ കെ.നന്ദകുമാർ, എസ്.എസ് ശ്രീലാൽ, സുജോ ജോർജ് ആൻ്റണി, ബി.എം ജിത്തു ജി, എഎസ്ഐ നൗഷാദ്, സിപിഒമാരായ പി.എ നൗഫൽ, വി.എ അഫ്സൽ, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, സിറാജുദ്ദീൻ, നവാബ് എന്നിവരാണ് ഉണ്ടായിരുന്നത്.