കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു
കേരളത്തിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നിരിക്കുകയാണ്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് 80ലേക്ക് എത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയർന്നിരിക്കുന്നത്.
തമിഴ്നാട് - കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവർഷം കൂടി എത്തിയതോടെ പച്ചക്കറി ഉൽപാദനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. പൊതു വിപണിയിൽ തക്കാളി അടക്കമുള്ള പച്ചക്കറിക്ക് നൂറുകടന്നു. രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ഇപ്പോഴത്തെ വില.
ഹോർട്ടികോർപ്പിന്‍റെ കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിന്‍റെ സ്റ്റാളിൽ അൽപ്പം ഭേദപ്പെട്ട നിലയാണെന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ തക്കാളിക്ക് 105 രൂപയെങ്കിൽ തിരുവനന്തപുരത്തെ സ്റ്റാളിൽ 80 രൂപയാണ് നിലവിലെ വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്. ഹോർട്ടി കോർപ്പ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് വിൽക്കുന്ന പച്ചക്കറികളുടെ വിലയും മുകളിലേക്ക് തന്നെയാണ്.
5 മുതൽ 10 രൂപ വരെ വിലയാണ് ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്ക് ഉയർന്നിരിക്കുന്നത്. നേരത്തെ പടവലത്തിന് 15 രൂപയായിരുന്നു വിലയെങ്കിൽ, ഇപ്പോളത് 25 രൂപയായി ഉയർന്നിരിക്കുകയാണ്. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.