നിയമ ലംഘനം ; ബഹ്റൈനിൽ 125 തൊഴിലാളികൾ പിടിയിൽ
എൽ.എം.ആർ.എ താമസ വിസനിയമങ്ങൾ ലംഘിച്ച 125 വിദേശ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രിൽ 21 മുതൽ 27 വരെ നടത്തിയത്. ഇക്കാലയളവിൽ നിയമം ലംഘിച്ച 123 പേരെ നാടുകടത്തുകയും ചെയ്തു. 972 പരിശോധനകളിൽ 13 സംയുക്ത പരിശോധനകളാണ് നടത്തിയത്. ക്യാപിറ്റൽ ഗവർണറേറ്റിൽ നാല്, മുഹറഖ്, ഉത്തര, ദക്ഷിണ മേഖല ഗവർണറേറ്റുകളിൽ മൂന്ന് വീതവും സംയുക്ത പരിശോധനകൾ നടത്തി.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ്, പരിസ്ഥിതി, എണ്ണ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ, ഉത്തര മേഖല മുനിസിപ്പൽ കൗൺസിൽ, ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ എന്നിവയും പരിശോധനകളിൽ പങ്കാളികളായി. അനധികൃത നിയമ വിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് കൂടുതൽ ശക്തമായ പരിശോധനകളും നടപടികളും വരും ദിവസങ്ങളിലുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.