നാഷണൽ ആക്ക്ഷൻ ചാർട്ടർ രാജ്യത്തിന് കരുത്തും കെട്ടുറപ്പും നൽകി ; വിലയിരുത്തൽ നടത്തി ബഹ്റൈൻ മന്ത്രിസഭ
നാഷനൽ ആക്ഷൻ ചാർട്ടർ രാജ്യത്തിന് കരുത്തും കെട്ടുറപ്പും നൽകിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും ബഹ്റൈൻ ജനതക്കും ഈയവസരത്തിൽ കാബിനറ്റ് ആശംസകൾ നേരുകയും ചെയ്തു. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടവും പുരോഗതിയും കൂടുതൽ ശക്തമായി തുടരാനും പുതിയ മേഖലകളിലേക്ക്
പ്രവേശിക്കാനും ചാർട്ടർ വഴി സാധ്യമായതായും വിലയിരുത്തി. ബഹ്റൈൻ സായുധസേനയുടെ കീഴിലുള്ള കോബ്ര ഇസഡ് വിമാനം, ഖാലിദ് ബിൻ അലി സൈനിക കപ്പൽ എന്നിവയുടെ സമർപ്പണ ചടങ്ങുകൾ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്നത് ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ ആധുനീകരണത്തിന് ആക്കംകൂട്ടുമെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻഅബ്ദുൽ അസീസ് ആൽ സുഊദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൗദി-ബഹ്റൈൻ സംയുക്ത കർമസമിതി മൂന്നാമത് യോഗം ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ശക്തമായ സഹകരണം വിവിധ മേഖലകളിൽ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് വിലയിരുത്തി.
ബി.ഡി.എഫ് സൈനികൻ ക്യാപ്റ്റൻ അബ്ദുല്ല റാഷിദ് അന്നുഐമിയുടെ രക്തസാക്ഷിത്വത്തിൽ കാബിനറ്റ് അനുശോചനം നേർന്നു. സോമാലിയയിൽ നടന്ന സൈനിക പരേഡിനിടയിൽ തീവ്രവാദികളുടെ ആക്രമണത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വീരമൃത്യു. ബി.ഡി.എഫ് സൈനികർക്കും കമാണ്ടർമാർക്കും സൈനികന്റെ സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും കാബിനറ്റ് അനുശോചനമറിയിച്ചു.