ബഹ്റൈനിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
ബഹ്റൈനിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം കഴിഞ്ഞദിവസം ബഹ്റൈൻ എയർപോർട്ടു വഴി പുറപ്പെട്ടു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവയുടെ നേതൃത്വത്തിൽ സംഘത്തിന് യാത്രയയപ്പ് നൽകി. ബഹ്റൈൻ പിൽഗ്രിമേജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ സന്നിഹിതനായിരുന്നു.
തീർഥാടകരുടെ യാത്രക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങളെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തുടർനടപടികളെയും മന്ത്രി അഭിനന്ദിച്ചു. ബഹ്റൈൻ തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് സേവനങ്ങൾ നൽകിയതിന് ബഹ്റൈൻ എയർപോർട്ട് കമ്പനിക്കും കിങ് ഫഹദ് കോസ്വേ അതോറിറ്റിക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഈ മാസം 12 വരെ ബഹ്റൈനിൽ നിന്നും ഹജ്ജ് തീർഥാടകർ പുറപ്പെടും. 61ഹജ്ജ് ഗ്രൂപ്പുകളിലായി മൊത്തം 4625 പേരാണ് ഇക്കുറി ബഹ്റൈനിൽ നിന്നും ഹജ്ജ് തീർഥാടനത്തിനായി പോകുന്നത്. ഓരോ ഗ്രൂപ്പിലും എഴ് വിദേശികൾക്ക് അനുമതി നൽകിയിട്ടുണ്ട്. വിശുദ്ധ സ്ഥലങ്ങളിൽ ഹജ്ജ് തീർഥാടകർക്കാവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ ഉന്നതാധികാര കൗൺസിൽ ചെയർമാൻ കൂടിയായ മന്ത്രി കൂട്ടിച്ചേർത്തു.