ബഹ്റൈനിൽ ആശൂറാഅ് വിജയിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യണം ; മന്ത്രാലയങ്ങൾക്ക് നിർദേശവുമായി ഹമദ് രാജാവ്
ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ വിവിധ മന്ത്രാലയങ്ങൾക്ക് ഹമദ് രാജാവ് നിർദേശം നൽകി. മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും, അറബ് ഇസ്ലാമിക സമൂഹത്തിനും ഹിജ്റ പുതുവർഷാശംസകൾ നേർന്നു.
സമാധാനത്തിന്റെയും സുരക്ഷയുടെയും നാളുകളായിരിക്കട്ടെ പുതുവർഷത്തിലെ ഓരോ ദിനങ്ങളെന്നും അദ്ദേഹം ആശംസിച്ചു. രാജ്യത്തിന്റെ വളർച്ചയിലും വികാസത്തിലും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് സാധിച്ചതായി അദ്ദേഹം വിലയിരുത്തി. സർക്കാറിന്റെ പ്രവർത്തനം മികവുറ്റ രീതിയിലാണെന്നും അതിന് വിവിധ തലങ്ങളിൽ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന മന്ത്രാലയങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തർക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. നിക്ഷേപ പദ്ധതികളിൽ വർധനവും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആശൂറ പരിപാടികൾ രാജ്യത്തിന്റെ സഹിഷ്ണുതയും സാഹോദര്യവും ഒന്നുകൂടി പ്രകടിപ്പിക്കുന്ന സന്ദർഭമാണ്.
സാഹോദര്യം, സ്നേഹം, സഹവർത്തിത്വം എന്നിവ ഊട്ടിയുറപ്പിക്കാൻ എല്ലാ മത സമൂഹത്തിന്റെയും ആഘോഷ സന്ദർഭങ്ങളിലൂടെ ഇതൾ വിരിയിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈന്റെ പൈതൃകവും വ്യത്യസ്തതയും സംസ്കാരവും നിലനിർത്തുന്നതിന് അനുയോജ്യമായ പദ്ധതികൾ ആവശ്യമാണ്. മുഹറഖ് ടൗൺ നവീകരണം, മനാമ സൂഖ് നവീകരണം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ വിവിധ രാജ്യങ്ങളുമായി തുറന്ന ബന്ധമാണ് ബഹ്റൈനുള്ളതെന്നും അത് മേഖലയിലെ വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിനു കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ ജി.സി.സി, അറബ് രാജ്യങ്ങൾക്കിടയിൽ ശ്രദ്ധേയ സ്ഥാനമുറപ്പിക്കാൻ അറബ് ഉച്ചകോടി സംഘടിപ്പിക്കാൻ സാധിച്ചതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.